ലോക അത് ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 27ന് ദോഹയില്‍; 25 അംഗ ടീമില്‍ പി.യു. ചിത്രയും

ദോഹ ലോക അത് ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം പി.യു. ചിത്ര ഇടംനേടി. അത് ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച 25 അംഗ ടീമിലാണ് ചിത്ര ഉൾപ്പെട്ടത്. ഈ മാസം 27നാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്.

ചിത്ര കഴിഞ്ഞ തവണ ഒഴിവാക്കപ്പെട്ടത് വിവാദമായിരുന്നു. നിലവിൽ വനിതകളുടെ 1500 മീറ്റർ ഏഷ്യൻ ചാന്പ്യനാണ് ചിത്ര. പുരുഷന്മാരുടെ 1500 മീറ്ററിൽ മലയാളിതാരം ജിൻസൺ ജോൺസനും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 400 മീറ്റർ ഹർഡിൽസിൽ എം.പി. ജാബിർ, 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്‌ളെ, 20 കിലോമീറ്റർ നടത്തത്തിൽ കെ.ടി. ഇർഫാൻ, ദേവേന്ദർ സിംഗ്, മാരത്തണിൽ ടി. ഗോപി, ലോംഗ്ജംപിൽ എം. ശ്രീശങ്കർ, ഷോട്ട്പുട്ടിൽ തജീന്ദർ പാൽ സിംഗ്, ജാവലിനിൽ ശിവ്പാൽ സിംഗ്, മിക്‌സഡ് റിലേയിൽ മുഹമ്മദ് അനസ്, നിർമൽ നോഹ് ടോം, അലക്‌സ് ആൻറണി, അമോജ് ജേക്കബ്, കെ.എസ്. ജീവൻ, ധരുൺ അയ്യസ്വാമി, ഹർഷ് കുമാർ എന്നിവരാണുള്ളത്. മലയാളി താരങ്ങളായ ജിസ്‌ന മാത്യു, വി.കെ. വിസ്മയ, വി. രേവതി, കർണാടകയുടെ എം.ആർ. പൂവമ്മ, ആർ. വിദ്യ, ശുഭ വെങ്കടേശൻ എന്നിവരും റിലേ-മിക്‌സഡ് ടീമിലുണ്ട്. ജാവലിൻത്രോയിൽ പങ്കെടുക്കുന്ന അനു റാണിയാണ് ചിത്രയ്ക്കു പുറമേ വ്യക്തിഗത ഇന പോരാട്ടത്തിനുള്ളത്.

Comments (0)
Add Comment