പി.ടി.എ റഹീം പ്രോടെം സ്പീക്കര്‍ ; 15-ാം നിയമസഭയുടെ ആദ്യസമ്മേളനം 24, 25 തീയതികളില്‍

Jaihind Webdesk
Thursday, May 20, 2021

തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം അടുത്ത 24, 25 തീയതികളിൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോടെം സ്പീക്കറായി കുന്നമംഗലം എം.എല്‍.എ പി.ടി.എ റഹീമിനെ നിയോഗിച്ചു. അദ്ദേഹം പുതിയ എംഎൽഎമാർക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. 24 നാണ് പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ.

കെ ഗോപാലകൃഷ്ണക്കുറുപ്പാണ് സർക്കാരിന്‍റെ അഡ്വക്കേറ്റ് ജനറൽ.  അഡ്വ. ടി എ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. പ്ലാനിംഗ് ബോർഡ് ഉപാധ്യക്ഷനായി വി.കെ രാമചന്ദ്രനെ നിയമിച്ചു. പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.പിയുമായ കെ.കെ രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി മുന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ ആര്‍ മോഹനെയും നിയമിച്ചു.

25ന് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.എം.ബി രാജേഷ് ആണ് എൽഡിഎഫിന്‍റെ സ്പീക്കർ സ്ഥാനാർത്ഥി. പുതിയ സർക്കാരിന്‍റെ നയപ്രഖ്യാപനം 28ന് ആണ്. തൊട്ടടുത്ത ആഴ്ച ഗവർണറുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയും ജൂൺ 4ന്പുതുക്കിയ ബജറ്റ് അവതരണവും നടന്നേക്കും. നയപ്രഖ്യാപനത്തിന്‍റെ കരട് തയാറാക്കാൻ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, കെ രാജൻ, കെ കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ എന്നിവരടങ്ങിയ ഉപസമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.