‘ഈ തമ്പ്രാൻ വിരട്ട് കേരളത്തിൽ വിലപ്പോവില്ല’; മുഖ്യമന്ത്രിയോട് പി.ടി തോമസ്, കുറിപ്പ്

Jaihind News Bureau
Sunday, August 9, 2020

സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച ചോദ്യങ്ങളില്‍ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പെരുമാറിയ മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ച് പി.ടി തോമസ് എംഎല്‍എ.  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി നേരിട്ട രീതിശാസ്ത്രം ഒരു ഏകാധിപതിയെ ഓർമ്മപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പത്രസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ ലോകത്തെ രാജ്യങ്ങൾക്കിടയിൽ ഏറ്റവും അവസാന സ്ഥാനം പിടിച്ചെടുത്ത ഉത്തരകൊറിയയ്‌ക്കൊപ്പം കേരളത്തെ എത്തിക്കുക എന്നതാണ് പിണറായിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെന്തും ആരെക്കുറിച്ചും പറയാം, തന്‍റെ നേർക്ക് വിരൽ ചൂണ്ടാൻ പാടില്ല. ഈ തമ്പ്രാൻ വിരട്ട് കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി നേരിട്ട രീതിശാസ്ത്രം ഒരു ഏകാധിപതിയെ ഓർമ്മപ്പെടുത്തുന്നതാണ്. മാധ്യമവിരുദ്ധത കൊണ്ട് കുപ്രസിദ്ധമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ എക്കാലത്തെയും നിലപാടുകളും പ്രതികരണങ്ങളും. എതിരാളികളെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും നുണപരത്താനും ദേശാഭിമാനിക്കും കൈരളിക്കും പ്രോത്സാഹനം നൽകി വരുന്ന പിണറായി വിജയൻ മാധ്യമധർമത്തെപ്പറ്റി പതിവ് വാർത്താസമ്മേളനത്തിൽ ക്ലാസ്സെടുക്കുന്നത് വൈരുദ്ധ്യാന്മക ഭൗതിക വാദമാണ്.

കഴിഞ്ഞ ദിവസം മലയാള മനോരമയിൽ വന്ന ഒരു കാർട്ടൂണിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി. “ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്ന”മുഖ്യമന്ത്രിയുടെ സ്ഥിരം പല്ലവിയെ അടിസ്ഥാനമാക്കി ഉപ്പും വെള്ളവുമായി മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് രണ്ട് പേർ പോകുന്നതായിരുന്നു കാർട്ടൂൺ. കാർട്ടൂണിനെതിരായ മുഖ്യമന്ത്രിയുടെ ഭീഷണി ഇങ്ങനെ : “ചിലർ ഉപ്പും വെള്ളവുമായി വരുന്നു. എന്താ മുഖ്യമന്ത്രിക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് വരുത്തലല്ലേ ലക്ഷ്യം. നിങ്ങൾ ഒരു പ്രേത്യേക ഉപജാപക സംഘത്തിന്റെ വക്താക്കളായി മാറുകയാണ്. എന്താ നിങ്ങൾക്ക് വേണ്ടത്? നിങ്ങൾ മാധ്യമ ധർമ്മം പാലിക്കണം. നിങ്ങളുടെ ആഗ്രഹം നടക്കില്ല…

ക്ഷുഭിതാനായും പൊട്ടിത്തെറിച്ചും പത്ത്മിനിറ്റോളം പിണറായി മാധ്യമ പ്രവർത്തകരെ നേരിട്ടു. കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ശബ്ദം ഇങ്ങനെ ഓരോഘട്ടത്തിലും പുറത്തുവരും. പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ലോകത്തെ രാജ്യങ്ങൾക്കിടയിൽ ഏറ്റവും അവസാന സ്ഥാനം പിടിച്ചെടുത്ത ഉത്തരകൊറിയയ്‌ക്കൊപ്പം കേരളത്തെ എത്തിക്കുക എന്നതാണ് പിണറായിയുടെ ലക്ഷ്യമെന്ന് തോന്നുന്നു.

തനിക്കെന്തും ആരെക്കുറിച്ചും പറയാം, തന്റെ നേർക്ക് വിരൽ ചൂണ്ടാൻ പാടില്ല. ഈ തമ്പ്രാൻ വിരട്ട് കേരളത്തിൽ വിലപ്പോവില്ല. ഗാന്ധിജിയെ ആക്ഷേപിക്കാം, നെഹ്‌റുവിനെ തെറിവിളിക്കാം, രാഹുൽ ഗാന്ധിയെ പരിഹസിക്കാം പിണറായി തമ്പ്രാന് സ്തുതി മാത്രം. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം എന്ന് കേൾക്കുമ്പോൾ ആരും ഉദ്ധരിക്കുന്നത് നെഹ്റുവിന്റെ പ്രസിദ്ധമായ ഒരു വാചകമാണ്. മലയാളിയായ കാർട്ടൂണിസ്റ്റ് ശങ്കറിനോട് പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു നടത്തിയ അഭ്യർത്ഥന: ” Dont Spare Me Shankar.. ” ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലിയുടെ ഒരു ചടങ്ങിൽ രാഷ്ട്രീയ കാർട്ടൂണുകളിലൂടെ നെഹ്‌റുവിനെ അതിനിശിതമായി വിമർശിച്ചു പോന്ന ശങ്കറിനോട്‌ തന്നെ ഒഴിവാക്കരുതെന്ന, നെഹ്രുവിന്റെ അഭ്യർത്ഥന കേട്ട് ശങ്കർതന്നെ അമ്പരന്നിട്ടുണ്ടാകും. മഹാന്മാരുടെ പാരമ്പര്യം ഇതാണ്. ശങ്കർ ജീവിച്ചിരുന്നു എന്ന് സങ്കൽപ്പിക്കുക;

പിണറായിക്കെതിരെ കാർട്ടൂൺ വരയ്ക്കുന്നുവെന്നും. യുടെ സ്ഥാനത്ത് ‘കടക്കുപുറത്ത്’ ആവർത്തിക്കുമായിരുന്നു. രാജ്യത്തെ മറ്റൊരു ഉന്നതനായ കാർട്ടൂണിസ്റ്റും മലയാളിയുമായിരുന്നു – അബു എബ്രഹാം. അടിയന്തിരാവസ്ഥയ്ക്ക് മുൻപും ശേഷവും ഇന്ദിരഗാന്ധിയെ അതിരൂക്ഷമായി വിമർശിച്ചു എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്നു അബു എബ്രഹാം. എന്നിട്ടോ? 1972 ൽ താൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെ ഇന്ദിരഗാന്ധി അദ്ദേഹത്തെ രാജ്യസഭാംഗമാക്കി ! ഒരു കാർട്ടൂണിനെതിരെ ഉറഞ്ഞുതുള്ളുന്ന കേരള മുഖ്യമന്ത്രി മലയാളികളായ രണ്ട് ഉന്നതരായ കാർട്ടൂണിസ്റ്റുകളുടെ ജീവിതവും രചനയും തിരിച്ചറിയാൻ ശ്രമിക്കണം. കാർട്ടൂണുകളുടെ ശക്തി എത്ര തീവ്രമാണെന്ന് മലയാള മനോരമ പ്രസിദ്ധികരിച്ച ഉപ്പും വെള്ളവും കാർട്ടൂൺ സമൂഹത്തെ ബോധ്യപ്പെടുത്തി.