കാണാമറയത്തെ വീരപ്പന്മാര്‍ ആര് ? വനംകൊള്ളയില്‍ അന്വേഷണം ഇരുട്ടില്‍ കറുത്തപൂച്ചയെ തപ്പുന്നപോലെ ; സഭയില്‍ കാടിളക്കി പി.ടി

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം : മുട്ടില്‍ വനംകൊള്ളയില്‍ നിയമസഭയില്‍ ആഞ്ഞടിച്ച് പി.ടി തോമസ് എംഎല്‍എ. മരംമുറിച്ച് കടത്തിയതില്‍ ഉന്നതര്‍ക്ക് പങ്കെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണം. ഒരു മാധ്യമസ്ഥാപനത്തിലെ പ്രധാനവ്യക്തി ഇടനിലക്കാരനായോ എന്ന് അന്വേഷിക്കണം. ചെക്‌പോസ്റ്റുകള്‍ കടന്ന് എങ്ങനെ തടി കൊച്ചിയിലെത്തിയെന്നും അദ്ദേഹം ചോദിച്ചു.

വനംകൊള്ളക്കാര്‍ നിസാരക്കാരല്ല. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതികളായവരാണ് ഇവര്‍. പ്രതികള്‍ ആരെന്ന് വകുപ്പ് മന്ത്രിമാര്‍ക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ അറിയാമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.  വയനാട്ടിലെ ആദിവാസികളെ കബളിപ്പിച്ച് ഈട്ടിതടി കൊള്ളയടിക്കാന്‍ ഒത്താശചെയ്ത ശേഷം സംസ്ഥാനം മുഴുവന്‍ അന്വേഷണം നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇത് സാധാരണ കര്‍ഷകരുടെ നിയമാനുസൃതമായ മരംമുറിക്കലിനെ കൂടി അന്വേഷണപരിധിയില്‍ കൊണ്ടുവന്ന്  പ്രതികളെ രക്ഷിക്കാനാുള്ള ഗൂഢശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതികളെ കസ്റ്റഡിയിലെടുക്കാതെ വനംകൊള്ളക്കാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കാണാമറയത്തെ വീരന്മാര്‍ ആരാണെന്ന് വനം, റവന്യൂ മന്ത്രിമാര്‍ മറുപടി പറയണം. തീവെട്ടിക്കൊള്ള കണ്ടുപിടിച്ച് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുട്ടില്‍ കറുത്തപൂച്ചയെ തപ്പുന്നതുപോലെയാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

 

https://www.facebook.com/JaihindNewsChannel/videos/4116255525084835