മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്തുവന്നതോടെ പ്രതികരണവുമായി പി.ടി.തോമസ് എംഎൽഎ. സത്യം പുറത്ത് വരുമെന്ന് ഉറപ്പായപ്പോൾ അത് നേരത്തെ ഉന്നയിച്ച തന്നെ നിശബ്ദനാക്കാമെന്ന മോഹത്തിൽ നിന്നാണ് ഇടപ്പള്ളിയിൽ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാൻ ശ്രമിച്ച തന്നെ കുടുക്കാൻ സിപിഎം കരുക്കൾ നീക്കിയതെന്ന് ഇപ്പോൾ പതുക്കെ തെളിഞ്ഞു വരുകയാണെന്ന് പി.ടി.തോമസ് പറഞ്ഞു. സ്വപ്ന സുരേഷിന്റെ മൊഴിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ പോയിട്ടുണ്ടെന്ന വസ്തുത പുറത്ത് വന്നതും ഇതുമായി കൂടി വായിക്കാൻ തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന ക്ലിഫ് ഹൗസിൽ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് വിവാദം ഉയർന്ന സമയത്ത് തന്നെ പി.ടി തോമസ് ആവശ്യപ്പെട്ടിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സ്വപ്ന സുരേഷ് മുഖ്യമന്ത്രി യുടെ ഔദ്യോദിക വസതിയായ ക്ലിഫ് ഹൗസിൽ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഈ വിഷയം ഉയർന്ന് വന്ന ഘട്ടത്തിൽ ഞാൻ ആവശ്യപ്പെട്ടിരുന്നു. അന്ന് ഞാൻ ഉന്നയിച്ച സത്യം പുറത്ത് വരുമെന്ന് ഉറപ്പായപ്പോൾ തന്നെ നിശബ്ദനാക്കാമെന്ന മോഹത്തിൽ നിന്നാണ് ഇടപ്പള്ളിയിൽ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാൻ ശ്രമിച്ച എന്നെ കുടുക്കാൻ
സി പി ഐ (എം) കരുക്കൾ നീക്കിയതെന്ന് ഇപ്പോൾ പതുക്കെ തെളിഞ്ഞു വരുകയാണ്.
സ്വപ്ന സുരേഷിന്റെ മൊഴിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ പോയിട്ടുണ്ടെന്ന വസ്തുത പുറത്ത് വന്നതും ഇതുമായി കൂടി വായിക്കാൻ തോന്നുന്നു.
സ്വർണ്ണ പാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നൽ സൃഷ്ടിച്ചാലും സത്യം പുറത്ത് വരും.
സത്യം മറച്ചു പിടിക്കുന്നത് മുഖ്യമന്ത്രിയ്ക്ക് ആണെങ്കിലും ഭൂഷണമല്ല.
പ്രിയപ്പെട്ടവരെ നമുക്ക് അന്തിമപോരാട്ടത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കേരളത്തെ കൊള്ളയടിക്കാൻ സംഘടിതമായി ശ്രമിച്ച വലിയൊരു മാഫിയ സംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ വിശ്രമിക്കാൻ സമയം ഇല്ല.
പോരാട്ടം തുടരാം…
https://www.facebook.com/inc.ptthomas/posts/3565324773489760