‘ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി…’ നിലപാടുകളുടെ രാജകുമാരന് കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി

Jaihind Webdesk
Thursday, December 23, 2021

കൊച്ചി : നിലപാടിന്‍റെ രാജകുമാരൻ എന്ന് രാഷ്ട്രീയ കേരളം പേരിട്ട് വിളിച്ച പി.ടി തോമസ് എംഎൽഎയുടെ സംസ്കാരം എറണാകുളം രവിപുരം ശ്മാശനത്തിൽ നടന്നു. ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റ് വാങ്ങി ഓർമ്മകളിലേക്ക് മറഞ്ഞ പി.ടി തോമസിന് തന്‍റെ അന്ത്യാഭിലാഷപ്രകാരമുള്ള സംസ്കാര ചടങ്ങാണ് രവിപുരം ശ്മശാനത്തിൽ ഒരുക്കിയത്.

നാടിന്‍റെ നാനാ ഭാഗത്തുനിന്നും അണമുറിയാത്ത ജനപ്രവാഹമായിരുന്നു ഓരോ പൊതുദർശന കേന്ദ്രങ്ങളിലും പി.ടിയെന്ന തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ. ഒടുവിൽ എല്ലാവരുടെയും അന്ത്യാഭിവാദ്യം ഏറ്റ് വാങ്ങി രവിപുരം ശ്മാശനത്തിൽ നിത്യനിദ്രയിലേക്ക് മറഞ്ഞപ്പോൾ പി.ടിയുടെ അവസാന യാത്രയ്ക്ക് എത്തിയവരും കണ്ണീരടക്കാൻ പാടുപെട്ടു.

സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് പി.ടി ഒരു വികാരമായിരുന്നു. തങ്ങളുടെ ഏതാവശ്യങ്ങൾക്കും ഓടിയെത്തുന്ന പ്രിയ നേതാവ് വിടവാങ്ങി എന്ന സത്യം ഉൾകൊള്ളാൻ ഇനിയും പ്രവർത്തകർക്കായിട്ടില്ല. മഹാരാജാസ് കോളജിലെ സഹപാഠികൾ ഉൾപ്പെടെ പി.ടിക്ക് അവസാനയാത്ര മൊഴി ചൊല്ലുമ്പോൾ ഹൃദയം പൊട്ടി കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകളും ഈറണണിയിച്ചു.

സമാനതകളില്ലാത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്ന പി.ടി തോമസ് തൻ്റെ അന്ത്യയാത്രയിലും താൻ ഉയർത്തി പിടിച്ച മൂല്യങ്ങൾ പൂർണ്ണമായും പ്രാവർത്തികമാക്കിയാണ് നിത്യനിദ്രയിലേക്ക് മാഞ്ഞത്. മരണശേഷം തന്‍റെ കണ്ണുകളിലൂടെ മറ്റുള്ളവർക്ക് വെളിച്ചം പകർന്ന് പുഷ്പചക്രങ്ങൾ ഏറ്റുവാങ്ങാതെ തനിക്ക് ഏറ്റവും പ്രിയങ്കരമായ വയലാറിന്‍റെ വരികൾ അന്ത്യയാത്രയിലും കൂടെ ചേർത്ത് പി.ടി വിടവാങ്ങുമ്പോൾ കേരള രാഷ്ട്രീയത്തിൽ ബാക്കിയാവുന്നത് വലിയ ഒരു ശൂന്യത മാത്രം. മതത്തിന്‍റെ വേലിക്കെട്ടുകൾ ഇല്ലാതെ പച്ച മനുഷ്യനായി പോലീസിന്‍റെ ഗാർഡ് ഓഫ് ഓണർ ഏറ്റ് വാങ്ങി പി.ടി നിത്യ നിദ്രയിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ രാഷ്ട്രീയ കേരളത്തിന്‍റെ തിരുമുറ്റത്ത് പി.ടി തോമസ് എന്ന നേതാവ് ജ്വലിച്ച് നിൽക്കും ഒരു കെടാവിളക്കായി…