പിണറായി പുത്രിവാത്സല്യത്താല്‍ അന്ധന്‍ ; ശിവശങ്കറിന്‍റെ കുറ്റകൃത്യങ്ങളിലെല്ലാം ഒന്നാംപ്രതി ; ആഞ്ഞടിച്ച് പി.ടി.തോമസ്

Jaihind News Bureau
Thursday, January 14, 2021

 

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. എം.ശിവശങ്കറിന്‍റെ കുറ്റകൃത്യങ്ങളിലെല്ലാം ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് പി.ടി.തോമസ് എംഎല്‍എ ആരോപിച്ചു. ശിവശങ്കറുമായി ഒഴിവാക്കാനാവാത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുള്ളത്. ലാവലിന്‍ ഫയല്‍ ചോര്‍ത്തി തുടങ്ങിയതാണ് ബന്ധം. സ്വപ്നസുന്ദരിക്കൊപ്പം കറങ്ങിയപ്പോള്‍ തടയാന്‍ മുഖ്യമന്ത്രിക്ക് ഉളുപ്പില്ലായിരുന്നു. പരസ്യവും കിറ്റും നല്‍കി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും പി.ടി.തോമസ് പറഞ്ഞു.

പുത്രവാത്സല്യത്താൽ അന്ധനായി തീർന്ന ധൃതരാഷ്ട്രരെപോലെ മുഖ്യമന്ത്രി പുത്രി വാത്സല്യത്താൽ അന്ധനായി കേരളത്തെ നശിപ്പിക്കരുതെന്നും പി.ടി തോമസ് പറഞ്ഞു. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറരുത്. സ്വർണ്ണക്കടത്തിന്‍റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യന്ത്രിക്കാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോപണങ്ങളിൽ ക്ഷോഭിച്ച മുഖ്യമന്ത്രി വസ്തുതാപരമായ മറുപടി പറയാൻ തയ്യാറാകുന്നതിന് പകരം മുന്നറിയിപ്പിന്‍റെ സ്വരമാണ് പുറത്തെടുത്തത്.  മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ നേതാവും രംഗത്തു വന്നു. ഗ്രൂപ്പ് കളിച്ച് അച്യുതാനന്ദനെ ഒതുക്കിയ മുഖ്യമന്ത്രി വിശുദ്ധനാകാൻ നോക്കേണ്ട . ചെകുത്താന്‍റെ വേദമോതലാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഓഫീസ് നിയന്ത്രിക്കാൻ കഴിയാത്ത ആൾക്ക് സംസ്ഥാനത്തെ എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രം ആയപ്പോഴാണ് പ്രതിപക്ഷം പോരാട്ടം തുടങ്ങിയത്. ഗഡ്കരിയുമായും അമിത് ഷായുമായുമുള്ള ചിലരുടെ കൂട്ടുകെട്ട് അന്വേഷണത്തെ വഴി തെറ്റിച്ചേക്കാമെന്നും പ്രതിപക്ഷത്തെ പഠിപ്പിക്കാൻ പിണറായി വളർന്നിട്ടില്ലെന്നും സർക്കാരിന്‍റെ കൊള്ളയും അഴിമതിയും ജനങ്ങളുടെ മുന്നിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
തുടർന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു.