പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി : സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

Jaihind Webdesk
Monday, August 2, 2021

Kerala-Assembly

 

തിരുവനന്തപുരം : ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ  കാലാവധി നീട്ടണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍  ഉന്നയിക്കും. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെടും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.

അതേസമയം ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവിന് എതിരെയുള്ള അപ്പീൽ ഇന്ന് പിഎസ്‌സി ഹൈക്കോടതിയിൽ ഫയല്‍ ചെയ്യും. ഒരു റാങ്ക് പട്ടിക മാത്രമായി നീട്ടാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് അപ്പീലിൽ പിഎസ്‌സിയുടെ വാദം. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതിനെയും കാലഹരണപ്പെടുന്നതിന്‍റെയും വ്യവസ്ഥകൾ മുമ്പ് കോടതികൾ അംഗീകരിച്ചതാണെന്നും പിഎസ്‌സിഅപ്പീലിൽ ചൂണ്ടിക്കാണിക്കും. 493 റാങ്ക് പട്ടികകളുടെ കാലാവധി നാളെ അവസാനിക്കും. പുതിയ റാങ്ക് ലിസ്റ്റിന്‍റെ നടപടി ക്രമങ്ങൾ ഇന്ന് ചേരുന്ന പിഎസ്‌സി യോഗം ചർച്ച ചെയ്യും.