‘അനു മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയർമാന്‍റേയും ധാർഷ്ട്യത്തിന്‍റെ ഇര’; പ്രതിഷേധവുമായി യുവനേതാക്കള്‍

Jaihind News Bureau
Sunday, August 30, 2020

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയർമാന്‍റേയും ധാർഷ്ട്യത്തിന്‍റെ ഇരയാണ് അനുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

അനുവിന്‍റെ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍  പങ്കുവെച്ച് ‘ഒന്നും പറയാൻ കഴിയുന്നില്ല, ക്ഷമിക്കൂ’വെന്നായിരുന്നു  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ കുറിച്ചത്. ക്ഷമിക്കൂവെന്ന് വി ടി ബൽറാമും കുറിച്ചു. അനുവിന്‍റേത് ആത്മഹത്യയല്ലെന്നും സർക്കാർ കൊന്നതാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും ആരോപിച്ചു. അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കൾ മരണത്തിന്റെ വക്കിലാണെന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.  ‘പി.എസ്.സിയെ വിമർശിക്കുന്നവർക്ക് ജോലി നൽകില്ല എന്ന തീരുമാനം പി.എസ്.സി എടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്. ജോലിയിൽ നിന്ന് വിലക്കാൻ പി.എസ്.സിയും സർക്കാർ ജോലിയുമൊന്നും ഇവരുടെ തറവാട്ടു വകയല്ല. സി.പി.എമ്മിനെ വിമർശിക്കുന്നവർക്ക് എ.കെ.ജി സെന്‍ററില്‍ ജോലി നൽകില്ല എന്ന് പറഞ്ഞാൽ മനസിലാക്കാം. പി.എസ്.സിയെ വിമർശിക്കാൻ പാടില്ല എന്ന് പറയാൻ ഇവരാരാണ്? ആ ഉത്തരവിന് പുല്ലു വില പോലും ഞങ്ങൾ കാണുന്നില്ല’-പി.കെ ഫിറോസ് കുറിച്ചു.

പിഎസ്​സി എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനം നൊന്താണ് തിരുവനന്തപുരം സ്വദേശിയായ അനു ജീവനൊടുക്കിയത്. റാങ്ക് പട്ടികയിൽ 76–ാം സ്ഥാനക്കാരനായിരുന്നു അനു. കുറച്ച് ദിവസമായി ആഹാരം വേണ്ടെന്നും ശരീരം വേദനിക്കുന്നു.എന്ത് ചെയ്യണമെന്ന് അറിയില്ല. കുറച്ച് ദിവസമായി ആലോചിക്കുന്നു. ആരുടെയും മുമ്പിൽ ചിരിച്ച് അഭിനയിക്കാൻ വയ്യെന്നും എല്ലാത്തിനും ജോലി ഇല്ലായ്മയാണ് കാരണമെന്നും കുറിപ്പ് എഴുതി വച്ചിട്ടാണ് അനു ജീവനൊടുക്കിയത്.