‘ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് 300 പേര്‍ കമന്‍റിടണം’; പി.എസ്‌.സി വിഷയത്തില്‍ ആസൂത്രിത പ്രതിരോധത്തിന് സിപിഎം; എം. വി ജയരാജന്‍റെ ശബ്ദസന്ദേശത്തിന് ട്രോള്‍വർഷം

Jaihind News Bureau
Wednesday, September 2, 2020

 

കണ്ണൂർ: പി.എസ്‌.സി വിഷയത്തില്‍ കീഴ്ഘടകങ്ങളോട് ആസൂത്രിത പ്രതിരോധത്തിന് സിപിഎം നിര്‍ദ്ദേശം. ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് മുന്നൂറ് പേര്‍ ഫേസ്ബുക്കില്‍ കമന്‍റ് ഇടണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍റെ ശബ്ദസന്ദേശം. കമന്‍റുകള്‍ പാര്‍ട്ടി തയ്യാറാക്കിതരുമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ഉത്രാടദിനത്തിലാണ് എം. വി ജയരാജൻ സമൂഹമാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശം നൽകിയത്.

പി.എസ്‍.സി റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടർന്ന് തിരുവനന്തപുരത്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ പ്രവർത്തകർക്ക് നിർദ്ദേശവുമായി  എം. വി ജയരാജൻ ശബ്ദസന്ദേശം അയച്ചത്. റാങ്ക് ലിസ്റ്റ് വിവാദം സംബന്ധിച്ച് ആസൂത്രിതമായി ഫേസ്ബുക്കിൽ നീങ്ങണമെന്ന്  കീഴ്ഘടകങ്ങൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.  ഫേസ്ബുക്ക് ചർച്ചകളിൽ എന്തെല്ലാം കമന്‍റുകൾ രേഖപ്പെടുത്തണമെന്നത് പാർട്ടി തയ്യാറാക്കി അയച്ചു തരുമെന്നും ഒരു ലോക്കൽ കമ്മിറ്റിക്ക് കീഴിൽ മുന്നൂറ് ആളുകളെങ്കിലും ഈ കമന്‍റ് ഇടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് സന്ദേശം. ഒരാൾ തന്നെ പത്തും പതിന‌ഞ്ചും കമന്‍റിട്ടിട്ട് കാര്യമില്ലെന്നും സന്ദേശത്തിൽ പറയുന്നു.

ബ്രാഞ്ച് സെക്രട്ടറി തലം വരെയുള്ള നേതാക്കൾക്കായാണ് ഈ നിർദ്ദേശം നൽകിയത്. സന്ദേശത്തിൽ വിശദീകരണവുമായി എം വി ജയരാജൻ രംഗത്തെത്തി. അതേസമയം ജയരാജൻ പാർട്ടി ഘടകത്തിൽ നൽകിയ നിർദ്ദേശം എങ്ങനെ ചോർന്നുവെന്നാണ് സിപിഎം അന്വേഷിക്കുന്നത്. ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളിൽ ട്രോളായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.