പിന്‍വാതില്‍ നിയമനത്തിനെതിരെ പ്രതിഷേധം ; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ ; രോഷം

Jaihind News Bureau
Monday, February 8, 2021

 

തിരുവനനന്തപുരം :  സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനത്തിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷേധം. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ പൊലീസ്  ആശുപത്രിയിലേക്ക് മാറ്റി. സമരം ശക്തമായി തുടരുമെന്നും ഉദ്യോഗാര്ത്ഥികള്‍ വ്യക്തമാക്കി.

പി.എസ്.സിയെ നോക്കുകുത്തിയാക്കിയുള്ള  സര്‍ക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേയും റാങ്ക് ലിസ്റ്റുകള്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടും വിവിധ ലിസ്റ്റുകളിലെ ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശക്തമായ സമര പരമ്പരകളാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ അരങ്ങേറുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കുടുതല്‍ ഉദ്യാഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ട എല്‍ജിസി ലിസ്റ്റില്‍ നിന്ന് 13 ശതമാനം മാത്രമാണ് ഇത് വരെ നിയമനം നടന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ജിസി ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ഉദ്യോഗാർത്ഥികളായ റിജ്ജു, പ്രവീണ്‍ കുമാര്‍ എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തങ്ങളില്‍ ഒരാള്‍ മരിച്ചാലെങ്കിലും  ബാക്കിയുള്ളവര്‍ക്ക് ജോലി കിട്ടട്ടെ എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. കേരളത്തില്‍ എവിടെയെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി കേരള സര്‍ക്കാര്‍ ആയിരിക്കുമെന്നും ആത്മഹത്യാശ്രമം നടത്തിയ ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.  സര്‍ക്കാരിനുള്ള സൂചനയാണിതെന്നും ഇതില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരരീതിയുടെ ഗതി മാറും എന്നും ഉദ്യോഗാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കി.