പിഎസ്‌സി അംഗത്വം കച്ചവടമായി മാറി, അംഗങ്ങളുടെ എണ്ണം കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്

Jaihind Webdesk
Monday, July 8, 2024

 

തിരുവനന്തപുരം: സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പിഎസ്‌സിയില്‍ മൂന്നുപേരുടെ സ്ഥാനത്ത് നിലവില്‍ 21 പേരാണുള്ളതെന്നും മുന്നണി സംവിധാനത്തിലെ വീതംവെപ്പാണ് ഇതിന് കാരണമെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉള്ളതു കൊണ്ടാണ് പിഎസ്‌സി അംഗത്വം ഒരു കച്ചവട ചരക്കായി മാറിയത്. ലക്ഷങ്ങൾ കൊടുത്ത് അംഗത്വം നേടുന്നവർ ഉദ്യോഗാർത്ഥികളിൽനിന്നും ലക്ഷങ്ങൾ ഈടാക്കി കൊള്ളലാഭം നേടുകയാണ്.

“ഉന്നത ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക്ക് സർവീസ് കമ്മീഷനിൽ മൂന്നുപേരുടെ സ്ഥാനത്ത് ഇപ്പോൾ ഇരുപത്തിയൊന്ന് പേരാണുള്ളത്. മുന്നണി സംവിധാനത്തിൽ ചെറിയ ഘടകകക്ഷികൾക്കും അംഗത്വം വീതം വെക്കേണ്ടി വന്നതുകൊണ്ടാണ് അംഗ സംഖ്യ പലപ്പോഴായി കൂട്ടേണ്ടി വന്നത്” – ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അർഹത നേടുന്നവരുടെ റാങ്ക് ലിസ്റ്റുകൾ പോലും റദ്ദാക്കുന്ന പിഎസ്‌സിയുടെ പ്രസക്തി നഷ്ടമായെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേർത്തു.