മരിച്ച കർഷകരുടെ ആശ്രിതർക്ക് ധനസഹായം നല്‍കണം; കേന്ദ്ര നിലപാട് ദുഃഖകരമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, December 3, 2021

 

ന്യൂഡല്‍ഹി : കർഷക പ്രക്ഷോഭത്തിനിടെ രക്തസാക്ഷികളായ കർഷകരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നൽകാനാവില്ല എന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രാഹുൽ ഗാന്ധി. പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ രേഖകളിലല്ലെന്ന കേന്ദ്ര സർക്കാരിന്‍റെ വാദം ഖേദകരമാണ്. കേന്ദ്രം ഇരുട്ടിൽ തപ്പുകയാണെന്നും മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി സ്വയം കുറ്റം സമ്മതം നടത്തുകയും ജനങ്ങൾക്ക് മുമ്പാകെ മാപ്പ് പറയുകയും ചെയ്തതാണ്. പ്രധാനമന്ത്രിയുടെ തെറ്റാണ് കർഷകരുടെ മരണത്തിന് ഇടയാക്കിയത് എന്നും രക്തസാക്ഷികളായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ മരണപ്പെട്ട 403 പേർക്ക് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയിരുന്നു. 152 പേർക്ക് ജോലിയും നൽകി. ഇവരുടെ പേര് വിവരങ്ങളും ഫോൺ നമ്പറും സർക്കാരിന് പരിശോധിക്കാവുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽ മരിച്ച 100 പേരുടെ വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.  സർക്കാർ ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.