പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി, ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതികാര ദൗത്യമായ ‘ഓപ്പറേഷന്‍ സിന്ദൂറിന്’ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ക്രൂരമായ അക്രമത്തില്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് ഈ ദൗത്യം ആശ്വാസം നല്‍കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ക്രൂരതകള്‍ക്കുള്ള സൈനിക പ്രതികരണം ശക്തവും ഉചിതവുമായ മറുപടിയാണെന്ന് ആരതി പറഞ്ഞു. ‘ഈ ദൗത്യത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പേര് വേറെയില്ല. നമ്മുടെ കണ്‍മുന്നില്‍ വെച്ച് നമ്മുടെ പിതാക്കന്മാരെയും സഹോദരന്മാരെയും ഭര്‍ത്താക്കന്മാരെയും തട്ടിക്കൊണ്ടുപോയവര്‍ക്കുള്ള ഉചിതമായ ഉത്തരമാണിത്. ഈ ഓപ്പറേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ എല്ലാവര്‍ക്കും ഒരു വലിയ സല്യൂട്ട്. ഇതിനായി അക്ഷീണം പ്രയത്‌നിക്കുന്ന സര്‍ക്കാരിനും, പ്രധാനമന്ത്രിക്കും, നമ്മുടെ സൈനികര്‍ക്കും നന്ദി. ഇതിലൂടെ എല്ലാ ഇന്ത്യക്കാരും ആശ്വാസം കണ്ടെത്തട്ടെ. ഹിമാന്‍ഷി ഉള്‍പ്പെടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ഓപ്പറേഷന്‍ സിന്ദൂര്‍ ആശ്വാസം നല്‍കട്ടെ’ ആരതി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 22 ന് കുടുംബം പഹല്‍ഗാമില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ആരതിയുടെ പിതാവിനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നത്.
25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ട ക്രൂരമായ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം. ‘കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ ഇന്ത്യയുടെ സായുധ സേന എക്‌സ് പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയില്‍ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബര്‍ ഗലിയില്‍ പാക്‌സൈന്യം വെടിവെപ്പ് നടത്തിയതായി സൈന്യം അറിയിച്ചു.