‘സമരജീവി’ ആയതില്‍ അഭിമാനം; പ്രധാനമന്ത്രിക്ക് പി.ചിദംബരത്തിന്‍റെ മറുപടി

Jaihind News Bureau
Wednesday, February 10, 2021

 

ന്യൂഡല്‍ഹി: സമരജീവി ആയതില്‍ അഭിമാനിക്കുന്നുവെന്നും മഹാത്മാ ഗാന്ധി ഏറ്റവും മികച്ച സമരജീവി ആയിരുന്നുവെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നടത്തിയ ‘സമരജീവി’ പരാമര്‍ശം ഉദ്ധരിച്ചായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം.

കര്‍ഷക സമരത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.  ‘ഒരു പുതിയ തരം ആളുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതാണ് ആന്ദോളന്‍ ജീവി (സമരജീവി). അഭിഭാഷകരുടെ പ്രക്ഷോഭങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നു, വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തില്‍ കാണാം, തൊഴിലാളികളുടെ പ്രക്ഷോഭത്തില്‍ കാണാം. ചിലയിടത്ത് അവര്‍ തിരശ്ശീലയ്ക്ക് പിന്നിലാണ്. മറ്റിടങ്ങളില്‍ അവര്‍ മുന്നിലാണ്. അവര്‍ക്ക് പ്രക്ഷോഭം കൂടാതെ ജീവിക്കാന്‍ കഴിയില്ല. ഒരു പ്രത്യയശാസ്ത്ര ചരിവ് നല്‍കുന്നവരെയും തെറ്റിദ്ധരിപ്പിക്കുന്നവരെയും നാം തിരിച്ചറിയേണ്ടതുണ്ട്’ രാജ്യസഭയില്‍ രാഷ്ട്രപതിക്കുള്ള നന്ദിപ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷക യൂണിയന്‍ നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. കര്‍ഷകരെ പ്രധാനമന്ത്രി അപമാനിച്ചുവെന്ന് നേതാക്കള്‍ പറഞ്ഞു.