വി. മുരളീധരന്‍റെ പ്രോട്ടോകോൾ ലംഘനം: പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്നും റിപ്പോർട്ട് തേടി ; പാർട്ടിക്കുള്ളില്‍ അമർഷം

Jaihind News Bureau
Thursday, October 8, 2020

 

ന്യൂഡല്‍ഹി: അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സ്മിത മേനോൻ പങ്കെടുത്ത സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്നും റിപ്പോർട്ട് തേടി. സംഭവത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ഗുരുതര ചട്ടലംഘനം നടത്തി എന്ന് നേരത്തെ നയതന്ത്ര വിദഗ്ധർ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി.

ആദ്യം താനല്ല അനുവാദം നൽകിയതെന്ന മറുപടി നൽകിയ വി. മുരളീധരൻ പിന്നീട് സ്മിതാ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനുപിന്നാലെ നിലപാട് മാറ്റുകയായിരുന്നു. തനിക്കെതിരെ പ്രധാനമന്ത്രിക്ക് നൽകിയ പരാതിക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന മുരളീധരന്‍റെ  പ്രസ്താവന ബി.ജെ.പി കേന്ദ്രനേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സ്മിത മേനോൻ പങ്കെടുത്തത് ഗുരുതര ചട്ടലംഘനം. സംഭവത്തിൽ വി മുരളീധരൻ പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്. മന്ത്രിമാരുടെ വിദേശ യാത്രകളിൽ പിആർ ഏജന്‍റിനെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് നയതന്ത്ര വിദഗ്ധർ ഉൾപ്പെടെ വ്യക്തമാക്കുന്നു.

മാധ്യമ പ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് വ്യക്തമായ ചട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം ലംഘിച്ചു കൊണ്ടാണ് അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സ്മിത മേനോൻ പങ്കെടുത്തത്. വിഷയത്തിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞ വാദങ്ങൾ ഒന്നും നിലനിൽക്കില്ല എന്നാണ് യാഥാർഥ്യം. വിദേശരാജ്യത്തിലേക്ക് മന്ത്രിമാർ പോകുമ്പോൾ പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിൽ ധനകാര്യ മന്ത്രാലയത്തിന്‍റെ അനുമതി വേണം. എന്നാൽ പിആർ ഏജന്‍റിനെ കൊണ്ടുപോകാൻ ധനകാര്യമന്ത്രാലയം അനുമതി നൽകില്ല.

പ്രതിനിധികളുടെ പേരുകൾ നൽകുമ്പോൾ ധനകാര്യമന്ത്രാലയത്തിന്‍റെ ഭാഗത്തു നിന്നും എന്തിനാണ് പിആർ ഏജന്‍റ് എന്ന ചോദ്യം ഉയരും എന്ന് നയതന്ത്ര വിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശരാജ്യങ്ങളിൽ മന്ത്രിക്കൊപ്പം പോകാൻ മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്നിരിക്കെ കേന്ദ്ര സർക്കാറിന്‍റെ അക്രഡിറ്റേഷൻ പോലുമില്ലാത്ത സ്മിത മേനോൻ പ്രതിനിധി സംഘത്തിൽ കടന്നുകൂടിയത് വിഷയത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. വിഷയത്തിൽ ബിജെപിക്കുള്ളിലും അമർഷം പുകയുന്നുണ്ട്. പ്രവർത്തന പരിചയമില്ലാത്ത സ്മിതാ മോനോൻ മഹിളാ മോർച്ച നേതൃസ്ഥാനത്തേക്കെത്തിയെന്നതും വി മുരളീധരൻ സംശയത്തിന്‍റെ നിഴലിൽ നിൽക്കുന്നു എന്നതും അമർഷം വർധിപ്പിക്കുന്നു.