Pune Shaniwar Wada fort| പുണെ കോട്ടയില്‍ മുസ്‌ളിംസ്ത്രീകള്‍ നമസ്‌ക്കാരം നടത്തിയതില്‍ പ്രതിഷേധം; ബിജെപി പ്രവര്‍ത്തകര്‍ ചാണകം തളിച്ച് കോട്ട ‘ശുദ്ധീകരിച്ചു

Jaihind News Bureau
Tuesday, October 21, 2025

പുണെയിലെ ചരിത്രപ്രസിദ്ധമായ ശനിവാര്‍ വാഡ കോട്ടയില്‍ വെച്ച് മുസ്ലിം യുവതികള്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ രാജ്യസഭാ എം.പി. മേധ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് ചാണകവും ഗോമൂത്രവും തളിച്ച് ”ശുദ്ധീകരണ ചടങ്ങ്” നടത്തിയത് വന്‍ വിവാദമായി. പ്രതിഷേധക്കാര്‍ സമീപത്തെ ഹസ്രത്ത് ഖ്വാജ സയ്യിദ് ദര്‍ഗയെ ലക്ഷ്യം വെച്ചതോടെ സംഘര്‍ഷം വര്‍ധിച്ചു. ദര്‍ഗ നീക്കം ചെയ്യണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

മുസ്ലിം സ്ത്രീകള്‍ നമസ്‌ക്കരിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഘപരിവാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. നമസ്‌കാരം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്താണ് ശുദ്ധീകരണ ചടങ്ങ് നടത്തിയത്. മേധാ കുല്‍ക്കര്‍ണി ഇതിന്റെ വീഡിയോ എക്‌സില്‍ പങ്കുവെക്കുകയും ശനിവാര്‍ വാഡയില്‍ നടന്ന സംഭവത്തിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഛത്രപതി ശിവജി മഹാരാജിന്റെ സ്വരാജ്യത്തിന്റെ പാരമ്പര്യത്തെയാണ് ശനിവാര്‍ വാഡ പ്രതിനിധീകരിക്കുന്നതെന്നും ഇത് നമ്മുടെ വിജയത്തിന്റെ പ്രതീകമാണെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു. അറ്റോക്ക് മുതല്‍ കട്ടക്ക് വരെ മറാഠാ സാമ്രാജ്യം വികസിച്ച കേന്ദ്രമാണിത്. മതാചാരങ്ങള്‍ അവിടെ അനുവദിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. ഏകദേശം രണ്ട് മണിക്കൂറോളം സംഘര്‍ഷം നീണ്ടുനിന്നു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി.) ഈ സംഭവത്തില്‍ ശക്തമായി പ്രതികരിച്ചു. കുല്‍ക്കര്‍ണി വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍.സി.പി. ആരോപിച്ചു. ബിജെപി ഇതില്‍ മതപരമായ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന്
എന്‍.സി.പി. വക്താവ് രൂപാലി പാട്ടീല്‍ തോംബറേ പ്രതികരിച്ചു.

ശുദ്ധീകരണ ചടങ്ങു നടന്നതില്‍ മഹാരാഷ്ട്ര സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അബു ആസിം അസ്മി അപലപിച്ചു. ‘ഇന്ത്യയിലെ മുസ്ലിംകള്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരെ പിന്തുണച്ചവര്‍ ഇപ്പോള്‍ അധികാരത്തിലിരുന്ന് മുസ്ലിംകളെ ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് അവര്‍ക്ക് തക്കതായ മറുപടി ലഭിക്കും,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.