ജലീലീന്‍റെ രാജിക്കായുള്ള പ്രതിഷേധം ഏഴാം ദിനവും ശക്തം ; ജലപീരങ്കി, ലാത്തിച്ചാർജ്

Jaihind News Bureau
Friday, September 18, 2020

മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേർക്ക് പരിക്കേറ്റു. ബാരിക്കേഡിന് സമീപമെത്തിയ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് തുടർന്ന് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുംങ്കണ്ടം സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിവീശി, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ യാതൊരു പ്രകോപനവും കൂടാതെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുമളി, മൂന്നാർ സംസ്ഥാന പാത ഉപരോധിച്ചു. ഉപരോധത്തിനിടെ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് മുകേഷ് മോഹനെ പോലീസ് വസ്ത്രാക്ഷേപം നടത്തി. സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, എൻ.എസ് നുസൂർ ഉദ്ഘാടനം ചെയ്തു.

മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കണ്ണൂരിലും പ്രതിഷേധം. കാൾടെക്സിൽ യൂത്ത് ലീഗ് പ്രവർത്തകർ സംസ്ഥാന പാത ഉപരോധിച്ചു. മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തു നിന്നും പ്രകടനവുമായെത്തിയ പ്രവർത്തകർ അര മണിക്കൂറോളം റോഡ് ഉപരോധിച്ചു.

യൂത്ത് ഫ്രണ്ട് (ജോസഫ് വിഭാഗം) കോട്ടയം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയും പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊലീസ് നടപടിയില്‍ ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന് തലയ്ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു. തുടർന്നുണ്ടായ പൊലീസ് നടപടിയില്‍ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ചിന്തു കുര്യന് തലയ്ക്ക് പരിക്കേറ്റു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാനമൊട്ടാകെ യുവജന സംഘടനകള്‍ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. അതേസമയം ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.