ദേശീയപാത തകര്‍ന്നതില്‍ പ്രതിഷേധം വ്യാപകം; നാട്ടുകാര്‍ രോഷത്തില്‍ ; നിര്‍മ്മാണ കമ്പനി ഓഫീസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Jaihind News Bureau
Wednesday, May 21, 2025

മലപ്പുറം: മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ മലപ്പുറം കോഹിനൂരിലെ നിര്‍മ്മാണ കമ്പനി കെഎന്‍ആര്‍സി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇവരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. അതിനിടെ, അബിന്‍ വര്‍ക്കിയെയും മുഴുവന്‍ പ്രവര്‍ത്തകരേയും ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ അധ്യക്ഷന്‍ ഹാരിസ് മൂതൂരിനു നേരേയും ബലപ്രയാഗമുണ്ടായി.

ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. സംഘര്‍ഷം ആദ്യഘട്ടത്തില്‍ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, ജല്ലാ അധ്യക്ഷന്‍ ഹാരിസ് മൂതൂര്‍ എന്നിവര്‍ക്ക് നേരെയും പോലീസ് ബലപ്രയാഗം നടത്തി. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും ദേശീയപാത ഉപരോധിച്ച് സമരം നടത്തി. തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധം ഇവിടെ അവസാനിപ്പിക്കുന്നില്ലെന്നും തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

ദേശീയപാത തകര്‍ന്ന കൂരിയയാട്ടും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു. വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കുന്നതിന് മുന്‍പേ നിര്‍മാണം പുനരാരംഭിക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിച്ചു. വിദഗ്ധ പരിശോധനയ്ക്ക് മുന്‍പ് നിര്‍മ്മാണം അനുവദിക്കില്ലെന്നാണ് നാട്ടുകരുടെ നിലപാട്. തഹസില്‍ദാര്‍ സ്ഥലത്ത് എത്തി ഇവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് റോഡ് തകര്‍ന്നത് പരിശോധിക്കുന്ന വിദഗ്ദ സംഘംഎത്തി മണ്ണു പരിശോധിച്ചു.
ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകും തുടര്‍ നടപടികള്‍. ഡോ. അനില്‍ ദീക്ഷിത് ( ജയ്പൂര്‍ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തില്‍ ഉള്ളത്.

കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്തും ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍.ദേശീയപാത നിര്‍മ്മാണമേഖലയില്‍ നിന്നുള്ള മണ്ണും ചെള്ളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നതിലാണ് പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശീയപാത ഉപരോധിച്ചു. സമരം മണിക്കൂറുകളോളം നീണ്ടു നിന്നു. കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

അതേസമയം, കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഉച്ചയ്ക്ക് ശേഷം രണ്ടാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. നിര്‍മാണത്തിനായി കുന്നിടിച്ച ഭാഗമാണ് ഇടിഞ്ഞുവീണത്. പ്രദേശത്ത് വീണ്ടും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.