ജെഎൻയുവിൽ എബിവിപി നടത്തിയ ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധം തുടരുന്നു

Jaihind News Bureau
Monday, January 6, 2020

ജെഎൻയുവിൽ എബിവിപി നടത്തിയ ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധം തുടരുന്നു. ജെഎൻയുവിൽ വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നു. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ഐഷ ഘോഷടക്കം നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ തുടരുകയാണ്. രാത്രി വൈകിയും തുടർന്ന പ്രതിഷേധം ഇപ്പോഴും നടക്കുകയാണ്. വിസി രാജിവെക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. അതേസമയം, പ്രതിഷേധം രൂക്ഷമായതോടെ ജെഎൻയു അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പോലീസിനോട് റിപ്പോർട്ട് തേടി. സംഭവം ജോയിന്‍റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും.

ജെഎൻയുവിൽ ഇന്നലെ നടന്ന ആക്രമണ സംഭവങ്ങൾ ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നു. യുണൈറ്റഡ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ജെഎൻയുവിലേക്ക് അക്രമികൾക്ക് എത്തിച്ചേരാനുള്ള വഴികൾ നിർദേശിക്കുന്നു. ജെഎൻയുവിന്‍റെ പ്രധാന ഗേറ്റിൽ സംഘർഷമുണ്ടാക്കുന്ന കാര്യവും പറയുന്നു. പോലീസ് സാന്നിദ്ധ്യം എവിടെയൊക്കെ ആണെന്നുള്ള കാര്യവും അന്വേഷിക്കുന്നു. അക്രമത്തിന് പിന്നിൽ പുറത്തു നിന്നുള്ള ബിജെപി എബിവിപി പ്രവർത്തകരാണ് എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.