മോദിയുടെ മന്‍ കീ ബാത് ബഹിഷ്കരിച്ച് കർഷകർ ; പാത്രംകൊട്ടി പ്രതിഷേധം

Jaihind News Bureau
Sunday, December 27, 2020

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പ്രസംഗത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം. സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു. അതേസമയം, വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം  32-ാം ദിവസത്തിലേക്ക് കടന്നു.

കാർഷിക പരിഷ്‌കരണ നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾ ചർച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാരിന് കത്തയച്ചു. ഈ മാസം 29ന് ചർച്ചയ്ക്ക് വരാമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. വിവാദമായ മൂന്ന് നിയമങ്ങളും റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടാണ് കത്ത്.

40 കർഷക സംഘടനകളുടെയും നേതാക്കൾ ഒപ്പിട്ട കത്തിൽ മറ്റ് നിർദേശങ്ങളും മുന്നോട്ട് വെച്ചു. അതേസമയം കാർഷിക നിയമങ്ങൾക്കെതിരായ സമരം കോർപറേറ്റ് വിരുദ്ധ സമരമാക്കി മാറ്റുന്നതിനുള്ള പ്രചരണം തുടരുകയാണ്. അംബാനി, അദാനി കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും ഉപേക്ഷിക്കാനാണ് ആഹ്വാനം.