‘കൊല നടത്തി പ്രതിഷേധക്കാരെ നിശബ്ദരാക്കാനാവില്ല, ചോര വീഴ്ത്തിയവർ മറുപടി പറയണം’; ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും വരുണ്‍ ഗാന്ധി

Jaihind Webdesk
Thursday, October 7, 2021

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെിരെ  വീണ്ടും  പാര്‍ട്ടി എംപി വരുണ്‍ ഗാന്ധി. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. നിരപരാധികളായ കർഷകരുടെ ചോര വീഴ്ത്തിയവർ ഉത്തരവാദിത്വം ഏല്‍ക്കണമെന്നും നീതി ലഭ്യമാക്കണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന പുതിയ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബിജെപി എംപിയുടെ ട്വീറ്റ്.

‘വീഡിയോ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ല. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്‍റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ചത്തിയവര്‍ ഉത്തരവാദിത്ത്വം ഏല്‍ക്കണം, നീതി ലഭ്യമാക്കണം’ – വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കര്‍ഷകര്‍ വാഹനത്തിലുള്ളവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ഇതോടെ നിയന്ത്രണം വിട്ടതാണെന്നുമുള്ള കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ അവകാശവാദം പൊള്ളയാണെന്ന് തുറന്നുകാട്ടുന്നതാണ് പുറത്തുവന്ന പുതിയ വീഡിയോ. സമാധാനപരമായി മുന്നോട്ട് പോകുകയായിരുന്ന കര്‍ഷക പ്രതിഷേധത്തിലേക്ക് അതിവേഗതയിലെത്തിയ വാഹനം ഇടിച്ചുകയറ്റുന്നതാണ് വീഡിയോയിലുള്ളത്. ലഖിംപുര്‍ ഖേരിയ്ക്ക് അടുത്ത് പിലിഭിത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി. സംഭവത്തിന് ഉത്തരവാദികളായ ആളുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെയും വരുണ്‍ രംഗത്തെത്തിയിരുന്നു.