നഗരസഭയില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തി യുഡിഎഫ് കൗൺസിലർമാർ; മേയറുടെ രാജിക്കായി പ്രതിഷേധം ശക്തം

 

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ ഇന്നും നിരവധി പ്രതിഷേധ സമരങ്ങൾ നടന്നു. യുഡിഎഫ് കൗൺസിലർമാർ ചാണക വെള്ളം തളിച്ച് അഴിമതിയിൽ മുങ്ങിക്കുളിച്ച നഗരസഭാ ഭരണത്തിനെതിരെ ശുദ്ധികലശം നടത്തി. നഗരസഭയിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.

നഗരസഭയിലെ ഒഴിവില്‍ പാർട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ആവശ്യപ്പെട്ട് നല്‍കിയ കത്ത് പുറത്തായതോടെയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പാന് മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അയച്ച കത്താണ് പുറത്തായത്. കത്തിനെക്കുറിച്ച് അറിയില്ലെന്നാണ് മേയറുടെ വിശദീകരണം. സമാനമായ മറ്റ് കത്തുകളും പുറത്തുവന്നത് മേയറെയും സിപിഎമ്മിനെയും കടുത്ത പ്രതിരോധത്തിലാക്കി. അതേസമയം കത്തില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന ആക്ഷേപവും ശക്തമാണ്.

മേയറുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ്. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. പ്രതിഷേധം സംസ്ഥാനവ്യാപകമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ലക്ഷക്കണക്കിന് ചെറുപ്പക്കാർ തൊഴിലിനായി കാത്തിരിക്കുമ്പോള്‍ സിപിഎം നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ശക്തമായ രോഷമാണ് ഉയരുന്നത്.

Comments (0)
Add Comment