പട്ടാമ്പി പാലത്തിൽ കൈവരി സ്ഥാപിക്കാത്തതിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം

Jaihind Webdesk
Monday, August 19, 2024

 

പാലക്കാട്: പട്ടാമ്പിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. പട്ടാമ്പി പാലത്തിൽ തകർന്ന കൈവരികൾ സ്ഥാപിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. റിയാസ് മുക്കോളിയടക്കമുള്ള നേതാക്കൾക്ക് പരുക്കേറ്റു. പട്ടാമ്പി പാലത്തിന്‍റെ കൈവരികൾ തകർന്നിട്ട് 20 ദിവസങ്ങൾ പിന്നിട്ടിരുന്നു. എന്നിട്ടും ഒരു നടപടിയും എടുക്കാതെ വന്നപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ പ്രതിഷേധിച്ചത്. എന്നാല്‍ പോലീസ് അവരെ തടയുകയും ലാത്തി വീശുകയും ചെയ്തു.

കഴിഞ്ഞ മാസം ഭാരതപ്പുഴയിലെ ശക്തമായ കുത്തൊഴുക്കിൽ പാലത്തിന് മുകളിലൂടെ വെള്ളമൊഴുകിയിരുന്നു. ഇതോടെയാണ് പാലത്തിന്‍റെ കൈവരികൾ തകർന്നത്. നിലവിൽ പാലത്തിന്‍റെ ഒരു ഭാഗത്ത് കൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഈ മാസം 20ന് മാത്രമാണ് കൈവരികൾ നിർമിക്കാനുള്ള ടെണ്ടർ നടപടികൾ ആരംഭിക്കുകയുള്ളൂ. ഇതിനൊരു പ്രതിഷേധസൂചകമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈവരി സ്ഥാപിക്കാനെത്തിയത്. ഉപകരണങ്ങളുമായെത്തിയ പ്രവർത്തകരെ പോലീസ് തടയുകയായിരുന്നു. ഇതോടെ ഉന്തും തള്ളുമുണ്ടാവുകയും പോലീസ് ലാത്തി വീശുകയും ചെയ്തു.