വനം മന്ത്രി രാജിവയ്ക്കണം; ബോധമില്ലാത്ത ആനയല്ല കഴിവുകെട്ട സര്‍ക്കാരാണ് ഒന്നാം പ്രതി, ബാനറുമായി പ്രതിപക്ഷ എംഎല്‍എമാരുടെ മാര്‍ച്ച്

Jaihind Webdesk
Tuesday, February 13, 2024


തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍റെ ഔദ്യോഗിക വസതിയിലേക്ക് യുഡിഎഫ് എംഎല്‍എമാര്‍ മാര്‍ച്ച് നടത്തി. വനാതിര്‍ത്തികളില്‍ ഭീതി നിറഞ്ഞ സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

വയനാട്ടിലെ കാട്ടാന ആക്രമണം ഫലപ്രദമായി തടയുന്നതില്‍ പരാജയപ്പെട്ട വനം മന്ത്രി രാജിവയ്ക്കണമെന്ന അവശ്യമുയര്‍ത്തിയാണ് യുഡിഎഫ് എംഎല്‍എമാര്‍ പ്രതിഷേധമുയര്‍ത്തിയത്. ബോധമില്ലാത്ത ആനയല്ല കഴിവുകെട്ട സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന ബാനറുമായി നിയമസഭയ്ക്കു മുന്നില്‍ നിന്നാണ് എംഎല്‍എമാരുടെ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. വനാതിര്‍ത്തികളില്‍ ഭീതി നിറഞ്ഞ സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. വന്യജീവി ആക്രമണം നിരന്തരമായി ആവര്‍ത്തിക്കുകയാണ്. കൃഷിക്കും മനുഷ്യജീവനും അപകടം വരുത്തുന്ന ധാരാളം മൃഗങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങുകയാണ്. ഇത് തടയാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഉയര്‍ത്തിയത്. വനാതിര്‍ഥിയിലെ ജനങ്ങള്‍ മുഴുവന്‍ ഭീതിയിലാണെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ വന്യജീവി ആക്രമണം കഴിഞ്ഞ ദിവസം നിയമസഭയിലും പ്രതിപക്ഷം കൊണ്ടുവന്നിരുന്നു. രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ഉന്നയിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.