തിരുവല്ലം കസ്റ്റഡി മരണത്തില്‍ പ്രതിഷേധം ശക്തം; പോസ്റ്റ്മോർട്ടം ഇന്ന്

Tuesday, March 1, 2022

 

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട സുരേഷ് കുമാറിന്‍റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും. സബ് കലക്ടറുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം.

അതേസമയം സുരേഷിനൊപ്പം പിടിയിലായ നാല് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും സ്റ്റേഷന് മുമ്പിൽ രാത്രി വരെ പ്രതിഷേധിച്ചു. ഇതോടെ ഓൺലൈനായാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികളായ ബിജു, രാജേഷ്, രാജേഷ് കുമാർ, വിനീത് എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

നെഞ്ചുവേദനയെ തുടർന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നതാണ് പോലീസ് പറയുന്നത്. എന്നാല്‍ സുരേഷിനെ പോലീസ് മര്‍ദ്ദിച്ചെന്ന് ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.