പണം നൽകാതെ ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ മടക്കി നൽകി; പ്രതിഷേധ വിലാപയാത്ര നടത്തി ജനപ്രതിനിധികൾ

Jaihind Webdesk
Wednesday, April 10, 2024

മലപ്പുറം: പണം നൽകാതെ മടക്കിയ ബില്ലുകൾ ശവപ്പെട്ടിയിൽ അടക്കം ചെയ്തു ട്രഷറിക്കു മുന്നിൽ പ്രതിഷേധ വിലാപയാത്ര നടത്തി ജനപ്രതിനിധികൾ. മലപ്പുറം അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് പെരിന്തൽമണ്ണ സബ് ട്രഷറിക്ക് മുന്നിൽ വ്യത്യസ്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

പണമോ ടോക്കണോ നൽകാതെ ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ മടക്കി നൽകിയവ ശവപ്പെട്ടിയിലാക്കി , ബില്ലുകളുടെ ശവമഞ്ജവുമായി ജനപ്രതിനിധികൾ വിലാപയാത്ര നടത്തിക്കൊണ്ട് പ്രതിഷേധിച്ചു. ഒരു കോടി രൂപയുടെ പഞ്ചായത്തിന്‍റെ ബില്ലുകൾ ആണ് പെരിന്തൽമണ്ണ സബ് ട്രഷറിയിൽ നിന്ന് പഞ്ചായത്ത് അധികൃതർക്ക് പണം നൽകാതെ മടക്കി നൽകിയത്. മാർച്ച് 22ന് നൽകിയ ബില്ലുകൾ അടക്കം പാസാക്കി നൽകിയിട്ടില്ല. ടോക്കൺ പോലും നൽകാതെ ക്യൂബില്ലുകളുടെ ലിസ്റ്റിൽ പെടുത്താതെ ബില്ലുകൾ എല്ലാം പൂർണമായും തിരിച്ചു നൽകുകയാണ് ചെയ്തത്. ആശുപത്രിയിലേക്ക് വാങ്ങിയ മരുന്നുകൾ, അംഗൻവാടികളിലെ കുട്ടികൾക്ക് നൽകിയ പോഷകാഹാരം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ, കൃഷിക്കാർക്ക് നൽകുന്നതിനുള്ള വിവിധ സബ്സിഡികൾ, തുടങ്ങിയവയുടെ ബില്ലുകൾ എല്ലാം പണം നൽകാതെ മടക്കിയവയിൽ ഉൾപ്പെടും. 93,73,105 രൂപയുടെ ബില്ലുകൾ ആണ് മൊത്തത്തിൽ മടക്കിയത്. മറ്റു ട്രഷറികളിൽ പണം നൽകാത്ത ബില്ലുകൾക്ക് ടോക്കൺ നൽകി ക്യൂ ബില്ലുകളിൽ ഉൾപ്പെടുത്തി ഏപ്രിൽ മാസത്തിൽ പണം നൽകുന്ന വിധത്തിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. പെരിന്തൽമണ്ണയിൽ മാത്രമാണ് അപൂർവ്വമായ ഈ അനുഭവം ഉണ്ടായിട്ടുള്ളത് എന്നാണ് തദ്ദേശഭരണ ഭാരവാഹികൾ പറയുന്നത്.

പെരിന്തൽമണ്ണ സബ് ട്രഷറിക്ക് മുന്നിൽ നടക്കുന്ന രണ്ടാമത്തെ സമരമാണിത്. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലും സമരം നടന്നിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് കെ പി സഈദ ടീച്ചറുടെയും വൈസ് പ്രസിഡന്‍റ് ഷബീർ കറുമുക്കിലിന്‍റെയും നേതൃത്വത്തിലാണ് ബില്ലുകൾ അടക്കം ചെയ്ത ശവമഞ്ജവുമായി പ്രതിഷേധ വിലാപയാത്ര നടത്തിയത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു.