മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

മലപ്പുറം: പന്തല്ലൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം. സ്ഥഥലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടക്കുന്നത്.  പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ കുഴ‍ഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിക്കുകയും ആയിരുന്നു. മലപ്പുറം പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങൽ ആണ് മരിച്ചത്.

പോലീസ് മർദ്ദനമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തില്‍ അന്വേഷണമുണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. തുടർന്ന് സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് അവശ്യപ്പെട്ടാണ്  പാണ്ടിക്കാട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ഇന്ന് രാവിലെയാണ് പന്തല്ലൂരില്‍ പോലീസ് മൊയ്തീൻകുട്ടിയെ കസ്റ്റഡിയിലെടുത്തത്. പന്തല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് മൊയ്തീൻ കുട്ടി അടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്.

 

Comments (0)
Add Comment