കേന്ദ്രം പാസ്സാക്കിയ വഖഫ് നിയമത്തിനെതിരേ ജമ്മു കശ്മീര്‍ നിയമസഭയില്‍ പ്രതിഷേധം; നിയമത്തിന്റെ പകര്‍പ്പുകള്‍ വലിച്ചു കീറി

Jaihind News Bureau
Monday, April 7, 2025

കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വഖഫ് നിയമത്തിനെതിരെ ജമ്മു കശ്മീര്‍ നിയമസഭയില്‍ വന്‍ പ്രതിഷേധം. ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) നിയമസഭാംഗങ്ങള്‍ അവതരിപ്പിച്ച അടിയന്തര പ്രമേയം സ്പീക്കര്‍ നിരസിച്ചതോടെ നാടകീയ സംഭവങ്ങള്‍ക്ക് സഭ സാക്ഷിയായി. ഭരണകക്ഷി എംഎല്‍എമാരായ ഹിലാല്‍ ലോണും സല്‍മാന്‍ സാഗറും വഖഫ് നിയമത്തിന്റെ പകര്‍പ്പുകള്‍ വലിച്ചുകീറി. മറ്റൊരു എംഎല്‍എ അബ്ദുള്‍ മജീദ് ലാര്‍മി സ്വന്തം ജാക്കറ്റ് വലിച്ചുകീറിയും പ്രതിഷേധം പ്രകടിപ്പിച്ചു.

ബഹളത്തെ തുടര്‍ന്ന് സഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. അതിനു ശേഷം ചേര്‍ന്നപ്പോള്‍ ഭരണകക്ഷി എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചുകയറി ‘മോദി സര്‍ക്കാരിനെതിരേ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ പ്രമേയം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സ്പീക്കര്‍. സുപ്രീം കോടതി പരിഗണിക്കുന്ന ഈ വിഷയം അടിയന്തരപ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് ചട്ടങ്ങള്‍ ഉദ്ധരിച്ച് സ്പീക്കര്‍ അബ്ദുള്‍ റഹീം റാഥര്‍ വ്യക്തമാക്കി. നിയമസഭാ ചട്ടങ്ങള്‍ 56 ഉം 58 ഉദ്ധരിച്ച്, അത് കോടതി അലക്ഷ്യമാകുമെന്ന് നിലപാട് എടുത്തു. ഇതേ തുടര്‍ന്ന വലിയ പ്രതിഷേധം സഭയ്ക്കുള്ളില്‍ നടന്നു.

പ്രതിഷേധംരൂക്ഷമായതോടെ നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാരായ ഹിലാല്‍ ലോണും സല്‍മാന്‍ സാഗറും വഖഫ് നിയമത്തിന്റെ പകര്‍പ്പുകള്‍ വലിച്ചുകീറി. അബ്ദുള്‍ മജീദ് ലാര്‍മി എംഎല്‍എ തന്റെ ജാക്കറ്റ് വലിച്ചുകീറി പ്രതിഷേധിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ മോദി സര്‍ക്കാര്‍ വഖഫ് നിയമം പിന്‍വലിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ നിയമം പിന്‍വലിക്കുന്നതുവരെ നിയമസഭയുടെ നടപടികള്‍ നടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും അവര്‍ പ്രതികരിച്ചു.

നാഷണല്‍ കോണ്‍ഫറന്‍സിന്റെ നീക്കത്തെ അപലപിച്ച പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മ, നിയമസഭയില്‍ വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടുവന്നാല്‍ അത് ഭരണഘടനാ മാനദണ്ഡങ്ങളുടെ ലംഘനമാകുമെന്ന് പറഞ്ഞു. നിയമസഭയില്‍ അവതരിപ്പിച്ച വിഷയം തള്ളിക്കളയാനുള്ള സ്പീക്കറുടെ തീരുമാനത്തെ പിഡിപി മേധാവി മെഹബൂബ മുഫ്തി നിരാശാജനകം എന്നു പ്രതികരിച്ചു.