കോഴിക്കോട് : കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗവർണറെത്തും മുന്നേയായിരുന്നു സംഭവം. ഗസ്റ്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പോലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചതോടെ, പോലീസും എസ്എഫ്ഐ വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് എസ്എഫ്ഐയെ വെല്ലുവിളിച്ചാണ് ഗവർണർ എത്തുമെന്ന് പ്രഖ്യാപിച്ചത്. വൈകിട്ട് 6.20ന് എത്തുന്ന ഗവർണറെ കരിങ്കൊടി കാണിക്കാനാണ് എസ്എഫ്ഐയുടെ നീക്കം.
ഗവർണർ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നിൽ ഗോബാക്ക് മുദ്രാവാക്യവുമായി കറുത്ത ബാനറുയർത്തിയിട്ടുണ്ട്. സ്ഥലത്ത് വലിയ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് ആറരയോടെ കരിപ്പൂരിൽ വിമാനമിറങ്ങുന്ന ഗവർണർ 7 മണിയോടെ താമസിക്കുന്ന സർവ്വകലാശാല ഗസ്റ്റ് ഹൗസിൽ എത്തും. വഴിയിലും സർവ്വകലാശാലയിലും പ്രതിഷേധിക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.