മാനന്തവാടി: വയനാട് പടമലയില്‍ യുവാവിനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടാത്തതിലുള്ള പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. രാത്രി പട്രോളിങ് ടീമുണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചു. കുടിയേറ്റ മേഖലയായ മണ്ണുണ്ടിയിൽ 5 യൂണിറ്റ് ടീമിനെയാണ് പട്രോളിങിനായി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് നാട്ടുകാർ താല്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്. പടമല മണ്ണുണ്ടി, ചാലിദ്ധ,രണ്ടാംഗേറ്റ് മേഖലയിലാണ് പട്രോളിങ് നടത്താൻ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞുവെച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിട്ടയച്ചു.
ട്രാക്കിംഗ് തടസ്സപ്പെട്ടതോടെയാണ് ദൗത്യം അവസാനിപ്പിച്ചത്. ചെമ്പകപ്പാറ ഭാഗത്തുനിന്ന് ആന മണ്ണുണ്ടി ഭാഗത്തേക്ക് നീങ്ങിയിരുന്നു. ദൗത്യസംഘം അരികിലെത്തിയപ്പോഴാണ് ആന സ്ഥാനം മാറിയത്. ട്രാക്ക് ചെയ്യാൻ കഴിയാതെ വന്നതോടെ ദൗത്യം സങ്കീർണമായതായായിരുന്നു സൂചന.