സി പി എം നേതാക്കളുടെ മാനസിക പീഡനം; വില്ലേജ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിനും അംഗങ്ങൾക്കും എതിരെ അത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം

തൃശൂർ പുത്തൂരിൽ സി പി എം നേതാക്കളുടെ മാനസിക പീഢനത്തെ തുടർന്ന് വില്ലേജ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. വില്ലേജ് ഓഫീസറെ തടഞ്ഞു വെച്ച പഞ്ചായത്ത് പ്രസിഡന്‍റിനും അംഗങ്ങൾക്കും എതിരെ അത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വില്ലേജ് ഓഫീസർക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. ടി.എൻ പ്രതാപൻ എംപിയും ജില്ലയിലെ കോൺഗ്രസ് നേതാക്കളും ഇവരെ സന്ദർശിച്ചു. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തവരെ കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയുമാണ് സി.പി.എം ചെയ്യുന്നതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു. ചീഫ് സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടണം. വില്ലേജ് ഓഫീസറെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് പഞ്ചായത്ത് പ്രസിഡന്‍റ്, അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വില്ലേജ് ഓഫീസർ സിമിക്ക് ഇപ്പോൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. ഇന്നലെയാണ് സിമി ആത്മഹത്യക്ക് ശ്രമിച്ചത്. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ ഘെരാവോ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ലൈഫ് മിഷൻ പദ്ധതിയിലേയ്ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകിയിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വില്ലേജിലെത്തി നടപടി ചോദ്യം ചെയ്യുകയും കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് സി പി എം പ്രവർത്തകർ വില്ലേജ് ഓഫീസറെ തടഞ്ഞ് വെയ്ക്കുകയായിരുന്നു.

Comments (0)
Add Comment