തിരുവനന്തപുരം: സിദ്ധാർത്ഥന്‍റെ കൊലപാതകത്തിൽ പ്രതിഷേധങ്ങൾ ശക്തമായി സെക്രട്ടേറിയറ്റിലേക്ക് സമരങ്ങളുടെ വേലിയേറ്റം. മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസും എംഎസ്എഫും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ബലപ്രയോഗം നടത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
സിദ്ധാർത്ഥന്‍റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിരാഹാര സത്യഗ്രഹം തുടരുന്നതിനിടയിലാണ് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ സമരങ്ങളുടെ വേലിയേറ്റം അലയടിച്ചത്. എംഎസ്എഫ് പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി സെക്രട്ടേറിയറ്റിൽ എത്തിയത്. ശക്തമായ പ്രതിഷേധമുയർത്തിയ എംഎസ്എഫ് പ്രവർത്തകരും പോലീസും തമ്മിൽ പലകുറി ഉന്തും തള്ളും വാക്കേറ്റമുണ്ടായി. ഇതിനിടയിൽ എംഎസ്എഫ് പ്രവർത്തകൻ ബാരിക്കേഡ് ചാടിക്കടന്ന് സെക്രട്ടേറിയറ്റിനുള്ളിൽ പ്രതിഷേധം ഉയർത്തി. പ്രവർത്തകരെ പോലീസ് മർദ്ദിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. പിന്നീട് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്തു നീക്കി.
ഇതിനിടയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഭരണസിരാകേന്ദ്രത്തിനു മുന്നിലെത്തി. സിദ്ധാർത്ഥന് നീതി തേടി അമ്മ മനസ്സ് എന്ന മുദ്രാവാക്യവുമായി എത്തിയ മഹിളാ കോൺഗ്രസ് പ്രതിഷേധം രാഷ്ട്രീയക്കാര്യ സമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി സമര ഗേറ്റിലെത്തി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പോലീസ് പ്രവർത്തകർക്കുനേരെ ബലപ്രയോഗം നടത്തി.
ഇതോടെ മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. പ്രവർത്തകർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. സിദ്ധാർത്ഥന്‍റെ മരണത്തിൽ മണിക്കുറുകൾ നീണ്ടു നിന്ന ശക്തമായ പ്രതിഷേധമുയർത്തിയ പ്രവർത്തകരെ പിന്നീട് മുതിർന്ന നേതാക്കളെത്തി സമരത്തിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെ പ്രവർത്തകർ പ്രതിഷേധ ജാഥയായി സമരപ്പന്തലിലേക്ക് മടങ്ങി.