അധിക സിലിണ്ടർ നൽകാമെന്ന വാഗ്ദാനം; ഗ്യാസ് ഏജൻസി പറ്റിച്ചതായി പരാതി; ഗ്യാസ് ഏജൻസിക്ക് മുന്നിൽ ഇടപാടുകാരുടെ പ്രതിഷേധം

Jaihind News Bureau
Friday, January 31, 2020

അധിക സിലിണ്ടർ നൽകാമെന്ന വാഗ്ദാനം നൽകി പണം വാങ്ങി ഗ്യാസ് ഏജൻസി പറ്റിച്ചതായി പരാതി. പത്തനംതിട്ട വടശേരിക്കര ശബരി ഗ്യാസ് ഏജൻസിക്ക് മുന്നിൽ ഇടപാടുകാരുടെ പ്രതിഷേധം.

4000 രൂപയാണ് 200 ഓളം വീടുകളിൽ നിന്ന് വടശേരിക്കര ശബരി ഗ്യാസ് ഏജൻസി നിയോഗിച്ച ഏജൻറ് അധിക സിലിണ്ടറിനായി വാങ്ങിയത്. പത്ത് മാസത്തോളമായിട്ടും സിലിണ്ടർ ലഭിക്കാത്തതിനെ തുടർന്ന് ഏജൻസിയെ സമീപിക്കുമ്പോൾ അവധി പറഞ്ഞ് തിരിച്ചയക്കും . ചിറ്റാർ ,സീതത്തോട്, വയ്യാറ്റുപുഴ ,ആങ്ങമൂഴി പ്രദേശങ്ങളിലുള്ളവരാണ് പണം നഷ്ടപെട്ടന്ന പരാതി പറയുന്നവരിൽ ഏറെയും. പല തവണ ഏജൻസിയെ സമീപിച്ചിട്ടും സിലിണ്ടറോ നൽകിയ പണമോ ലഭിക്കാതായതിനെ തുടർന്നാണ് ഇടപാടുകാർ സംഘടിച്ച് ഏജൻസിക്ക് മുന്നിൽ എത്തിയത്. റാന്നി പോലീസ് എത്തി അനുരഞ്ചന ചർച്ച നടത്തി എങ്കിലും ഗ്യാസ് ഏജൻസി ഉടമ എത്തി ഉറപ്പ് നൽകാതെ പോകില്ലെന്ന നിലപാടിൽ ഏജൻസി ഉപരോധിച്ചിരിക്കുകയാണ്.

പണം നഷ്ടപെട്ടതായി പറയുന്നവരിൽ ഏറെയും സാധാരണക്കാരായവരാണ്. പണം നഷ്ടമായ കൂടുതൽ ആളുകൾ പ്രതിഷേധവുമായി വരും ദിവസങ്ങളിൽ എത്തുവാനാണ് സാധ്യത. എന്നാൽ ഏജന്റ് പണം ഏജൻസിയെ ഏല്പിച്ചിട്ടില്ല എന്നാണ് ഏജൻസി ഉടമ ഇടപാടുകാരോട് പറയുന്നത്. ഏജൻസി നിയോഗിച്ചയാൾ തങ്ങളോട് വാങ്ങിയ പണത്തിന് ഏജൻസിക്കാണ് ഉത്തരവാദിത്തമെന്നും പ്രശ്നത്തിന് തീർപ്പുണ്ടാക്കും വരെ ഗ്യാസ് ഏജൻസി തുറക്കുവാൻ അനുവദിക്കില്ലന്നുമാണ് പണം നഷ്ടമായവരുടെ തീരുമാനം.

https://www.youtube.com/watch?v=wtooGIN_aVg