സംസ്ഥാനത്ത് ക്വാറികള്‍ക്ക് അനുമതി തുടരുന്നു, ആശങ്കയൊഴിയാതെ ജനം

B.S. Shiju
Sunday, August 18, 2019


സംസ്ഥാനത്ത് പ്രളയവും ഉരുള്‍പൊട്ടലും തുടര്‍ക്കഥയാകുമ്പോഴും കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന നടപടി സര്‍ക്കാര്‍ നിര്‍ബാധം തുടരുകയാണ്. തിരുവനന്തപുരം ഉഴമലയ്ക്കല്‍ മങ്കാട്ടുപാറയില്‍ ക്വാറിക്ക് അനുമതി നല്‍കിയതിലുടെ 1500 ഓളം കുടുംബങ്ങളെയാണ് സര്‍ക്കാര്‍ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്.കവളപ്പാറയും പുത്തുമലയും പോലെ ഒരു ദുരന്ത ഭൂമിയായി ഉഴമലക്കലും മാറുമോ എന്ന അശങ്കയിലാണ് ഇവിടെയുള്ളവര്‍ ജീവിക്കുന്നത്.
ഉഴമലയ്ക്കല്‍ പഞ്ചായത്തിന്റെ പൈതൃക സ്വത്തായ മങ്ങാട്ടു പാറയെ നശിപ്പിക്കാനുള്ള ചില വ്യക്തി താത്പര്യങ്ങള്‍ക്ക് സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ വില്ലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ താനന്ന് ലീവ് ആയതുകൊണ്ട് തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും ശുപാര്‍ശ വേറെ ആരെങ്കിലും നല്‍കിയത് ആയിരിക്കുമെന്നാണ് വില്ലേജ് ഓഫീസറുടെ ന്യായീകരണം. ഏക്കര്‍ കണക്കിന് സ്ഥലം വ്യക്തികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് നാടിന്റെ പൈതൃകവും വ്യവസ്ഥയും നശിപ്പിക്കാന്‍ സിപിഎമ്മും സര്‍ക്കാരും മുന്‍കൈ എടുക്കുമ്പോള്‍ ഉഴമലയ്ക്കല്‍ സ്വദേശികള്‍ക്ക് നഷ്ടമാകുന്നത് അവരുടെ വീടും ചുറ്റുപാടും ആണ്. ഒരുപാട് പ്രത്യേകതകളും വികസന പദ്ധതികളും നടപ്പിലാക്കാന്‍ കഴിയുന്ന ഈ പ്രദേശത്തെ ക്വാറി മാഫിയകള്‍ക്ക് വിട്ടുകൊടുക്കുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കൈയെടുക്കേണ്ട സര്‍ക്കാര്‍ തന്നെ മങ്ങാട്ടു പാറയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ നിലനില്‍ക്കെ 1500ഓളം കുടുംബങ്ങളെയാണ് കണ്ണീരില്‍ ആഴ്ത്തുന്നത്. ഉഴമലയ്ക്കല്‍ ഹൃദയഭാഗമായ മങ്ങാട്ടു പാറ ക്വാറി മാഫിയയ്ക്ക് വിട്ടുകൊടുത്ത സര്‍ക്കാര്‍ നീക്കം അടിയന്തരമായി പിന്‍വലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.