കലാലോകത്തിന് അപമാനം; കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്, സത്യഭാമക്കെതിരെ പ്രതിഷേധം ശക്തം

Jaihind Webdesk
Thursday, March 21, 2024

കൊച്ചി: അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനതിരെ സത്യഭാമ നടത്തിയ പരാമർശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സത്യഭാമക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബുവും ഇതിനെതിരെ വിമർശിച്ച് രംഗത്തെത്തി. നിറത്തിലേതും നല്ലതുമില്ല മോശവുമില്ല പക്ഷേ മനുഷ്യരിലുണ്ട് നല്ലതും മോശവും എന്നാണ് രാഹുല്‍ മാങ്കുട്ടത്തില്‍ കുറിച്ചത്. അതേസമയം കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണെന്ന് അരിത ബാബുവും കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം

‘നിറത്തിലേതും നല്ലതുമില്ല മോശവുമില്ല പക്ഷേ മനുഷ്യരിലുണ്ട് നല്ലതും മോശവും’ രാമകൃഷ്ണൻ ഒരു നല്ല മനുഷ്യനും, നല്ല കലാകാരനുമാണ്….. ഉപാധികളും പക്ഷേകളുമില്ലാതെ രാമകൃഷ്ണനൊപ്പം….

അരിത ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണോ പ്രബുദ്ധ കേരളം. ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം. കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്. പ്രശസ്ത കലാകാരൻ ശ്രീ. RLV രാമകൃഷ്ണനെതിരെ അധിക്ഷേപ വർത്തമാനം നടത്തിയ നിങ്ങളെ സ്ത്രീയെന്നു പോലും പരാമർശിക്കുന്നത് വർത്തമാന കേരളത്തിനു അപമാനമാണ്. സർവ്വമേഖലകളിലും കൊടികുത്തിവാഴുന്ന ജാതീയതക്കെതിരായ പരസ്യമായ പോരാട്ടത്തിലാണെന്ന് നാം അവകാശപ്പെടുമ്പോഴും ഇത്തരം നെറുകേടുകളും നമുക്കു ചുറ്റും താണ്ഡവമാടുന്നത് കണ്ടില്ലെന്ന് നടിക്കുവാൻ നമുക്കാവില്ല. കാരണം ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ ജനങ്ങൾ മതിമറന്ന് ആനന്ദം കണ്ടെത്തി തീരുന്നത് കലാമേഖലയിലാണ്. അവിടെ വിഷത്തിന്‍റെ വിത്തുപാകുന്ന സത്യഭാമേ നിങ്ങൾ ഈ കലാലോകത്തിന് അപമാനമാണ്. ചെയ്ത തെറ്റ് മനസ്സിലാക്കി കേരള ജനതയോട് മാപ്പ് പറഞ്ഞു കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നത് ആണ് നല്ലത് എന്ന് പറയാൻ ആഗ്രഹിക്കുന്നു.#With_you_RLV_Ramakrishnan നിങ്ങളെ ഈ സമൂഹത്തിൽ അപമാനിക്കുന്നവരുടെ മുന്നിൽ വിട്ടു കളയാൻ മലയാളികൾക്ക് ആവില്ല കാരണം നിങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട മണി ചേട്ടന്‍റെ അനുജൻ കൂടിയാണ്.