ശബരിമല സ്വര്‍ണ്ണക്കൊള്ളക്കെതിരെ പ്രതിഷേധം: പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം

Jaihind News Bureau
Wednesday, October 8, 2025

 

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കെതിരെ പത്തനംതിട്ട ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനമുറകള്‍. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യരെ ഒന്നാം പ്രതിയാക്കി കള്ളക്കേസ് ചമച്ച പൊലീസ് 17 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊട്ടാരക്കര സബ് ജയിലില്‍ അടച്ചു.

കറുപ്പ് വസ്ത്രം ധരിച്ച്, സ്വര്‍ണ്ണ പാളിയുടെ ഡമ്മിയുമേന്തി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. ദേവസ്വം ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. ഇവിടെ സമാധാനപരമായി ധര്‍ണ്ണ നടത്തിയ പ്രവര്‍ത്തകരെ ഇരുവശങ്ങളില്‍ നിന്നും ലാത്തി ഉപയോഗിച്ച് കുത്തിയും മറ്റും ചില പോലീസ് ഉദ്യോഗസ്ഥര്‍ പ്രകോപിപ്പിക്കുകയായിരുന്നു.

ഉദ്ഘാടകനായെത്തിയ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യരടക്കമുള്ള നേതാക്കള്‍ക്ക് നേരെയും വനിതാ നേതാക്കള്‍ക്ക് നേരെയും വനിതാ പൊലീസുകാര്‍ അക്രമം അഴിച്ചുവിട്ടു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം രൂക്ഷമായതോടെയാണ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചത്.

ബാരിക്കേഡ് തകര്‍ക്കുന്നതിനിടെ സന്ദീപ് വാര്യര്‍ക്കും വനിതാ നേതാക്കള്‍ക്കും അടക്കം പൊലീസ് മര്‍ദനമേറ്റു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് വാഹനത്തിലേക്ക് കയറ്റുമ്പോഴും വാഹനത്തില്‍ വച്ചും പൊലീസ് മര്‍ദ്ദനം തുടര്‍ന്നു.

സന്ദീപ് വാര്യരെ ഒന്നാം പ്രതിയാക്കിയും, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറി നഹാസ് എന്നിവരെ യഥാക്രമം രണ്ടും മൂന്നും പ്രതികളാക്കിയും നിരവധി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത 17 പേരെ നിലവില്‍ കൊട്ടാരക്കര സബ് ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൂടുതല്‍ പ്രക്ഷോഭങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.