കൊല്ലം: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദ്ദിച്ച പൊലീസ് സംഘത്തില്‍പ്പെട്ട സി.പി.ഒ സന്ദീപിന്റെ ചവറ തെക്കുംഭാഗത്തെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.
കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. സി.പി.ഒ സന്ദീപിന്റെ വീടിന് സമീപം വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വലയം ഭേദിച്ച് സന്ദീപിന്റെ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ഇത് സംഘര്‍ഷത്തിന് വഴിവെച്ചു.
യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഉത്തരവാദികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതുവരെ ശക്തമായ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ വരുന്ന ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും തീരുമാനിച്ചിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.