തിരുവനന്തപുരം : മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന സിനിമക്കെതിരെ തിരുവനന്തപുരം ബീമാപള്ളിയില്‍ പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി സിനിമ ചിത്രീകരിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്തായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. തുടര്‍ പ്രതിഷേധ പരിപാടികള്‍ ആലോചനയുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മാലിക് സിനിമ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ചു, അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുക എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
2009 ലെ ബീമാപ്പള്ളി വെടിവെപ്പ് ആസ്പദമാക്കി നിര്‍മിച്ച ചിത്രം ഇറങ്ങിയത് മുതല്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിച്ചാണ് സിനിമ ചിത്രീകരിച്ചതെന്നാണ് ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പ്രതികരിച്ചു.