പത്തനംതിട്ട : പരിസ്ഥിതി ലോല പ്രദേശത്ത് പാറമട തുടങ്ങുവാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലെന്ന് ആരോപണം. ഉരുൾപൊട്ടൽ മേഖലയായ കോന്നി കുളത്തുമൺ താമരശേരിയിൽ പാറമട തുടങ്ങുവാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പാറമടയെ അനുകൂലിക്കുന്ന സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് സ്വകാര്യ വ്യക്തി പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ അടൂർ സ്വദേശിയുടെ ഇടപെടലുകളാണ് പാറമട തുടങ്ങുവാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തിന് പിന്നിൽ. അതീവ പരിസ്ഥിതി ലോല പ്രദേശമായ താമരശേരി എസ്റ്റേറ്റിൽ ചെറിയ മഴയ്ക്ക് പോലും ഉരുൾപൊട്ടലുണ്ടാകാറുണ്ട്. മുമ്പ് ഇവിടെ ഉരുൾപൊട്ടലിൽ നാല് ജീവനും പൊലിഞ്ഞിരുന്നു. പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ സമരസമിതി രൂപീകരിച്ച് നിരവധി പരാതികളും നൽകി. എന്നാൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് നാട്ടുകാരെ ഭീഷണിപ്പെടുത്തി പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പിന്നിൽ.
സമരക്കാർക്ക് ഒപ്പമെന്ന് പറഞ്ഞ കോന്നി എം.എൽ.എ ജനീഷ് കുമാർ പാറമട തുടങ്ങണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തതായും ആരോപണമുണ്ട്. സി.പി.എം ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗവും പാറമടയെ അനുകൂലിച്ച് ശക്തമായി രംഗത്തുണ്ട്. അതീവ പരിസ്ഥിതിലോല പട്ടികയിലുള്ള പ്രദേശത്തെ നാനൂറോളം കുടുംബങ്ങൾ, ഖനന മാഫിയ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂലം കുളത്തുമൺ മറ്റൊരു കവളപ്പാറയാകുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. പാറമടക്കെതിരെ പ്രതിഷേധിക്കുന്നവരെ കണ്ടെത്താൻ ഖനന മാഫിയ വാങ്ങിയ 14 ഏക്കർ സ്ഥലത്തിന് ചുറ്റും സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കുകയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും നാട്ടുകാരെ കള്ളക്കേസുകളിൽ കുടുക്കുകയുമാണ്. പരിസ്ഥിതി ലോല പ്രദേശത്ത് ജനകീയ പ്രതിഷേധങ്ങൾ മറികടന്ന് പാറമട തുടങ്ങുവാനുള്ള നീക്കത്തിന് പിന്നിലുള്ള തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഓഫീസിന്റെ ബന്ധം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.