ജീവനക്കാരെ അടച്ചാക്ഷേപിച്ച് കെഎസ്ആർടിസി എംഡി ; പ്രതിഷേധവുമായി ഐഎന്‍ടിയുസി, ആസ്ഥാനം ഉപരോധിച്ചു

Jaihind News Bureau
Saturday, January 16, 2021

 

തിരുവനന്തപുരം : ജീവനക്കാരെ അടച്ചാക്ഷേപിച്ച കെ.എസ്.ആർ.ടി.സി എം.ഡി ക്കെതിരെ പ്രതിഷേധവുമായി ഐ.എൻ.ടി.യു.സി. തലസ്ഥാനത്തെ ട്രാൻസ്പോർട്ട് ഓഫീസിന് മുന്നിൽ  പ്രവർത്തകർ ഉപരോധം സംഘടിപ്പിച്ചു. കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഐ.എന്‍.ടി.യു.സി സംഘടനയായ ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റ് ആർ.ശശിധരൻ വ്യക്തമാക്കി. എന്നാൽ ജീവനക്കാരെ ഒന്നടങ്കം അധിക്ഷേപിച്ച നടപടി ശരിയായില്ലെന്നും എം.ഡി മാപ്പ് പറയണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എസ്.ആർ ടി.സിയിൽ 100 കോടി രൂപയുടെ അഴിമതിയെന്നായിരുന്നു എം.ഡി ബിജു പ്രഭാകർ ആരോപിച്ചത്. ഇന്ധനം കടത്ത്, ടിക്കറ്റ് ക്രമക്കേട് എന്നിവ കെ.എസ്.ആർ.ടി.സിയിൽ വ്യാപകമാണെന്നും കെ.എസ്.ആർ.ടി.സിയുടെ ചീഫ് ഓഫീസ് ഉപജാപങ്ങളുടെ കേന്ദ്രമാണെന്നും ബിജു പ്രഭാകർ പറഞ്ഞു. വെട്ടിപ്പിന്‍റെ കാരണക്കാർ ഒരു വിഭാഗം ജീവനക്കാരും ഉദ്യോഗസ്ഥരുമാണെന്നും ബിജു പ്രഭാകർ ആരോപിച്ചു. വെട്ടിപ്പ് നടത്തിയ മുൻ അക്കൗണ്ട്സ് മാനേജർ ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും.

വർക്ക് ഷോപ്പുകളിൽ സാമഗ്രികൾ വാങ്ങുന്നതിലും വ്യാപക തട്ടിപ്പുണ്ട് . ജീവനക്കാരെ പിരിച്ചു വിടില്ല, പകരം എണ്ണം കുറയ്ക്കും. ഡീസൽ വെട്ടിപ്പ് നടത്തുന്നവരാണ് സി.എന്‍.ജിയെ എതിർക്കുന്നതെന്നും എം.ഡി വിമർശിച്ചു. കെ.എസ്.ആർ.ടി.സിയിലെ അഴിമതികൾ തുറന്നു പറഞ്ഞതിന് തനിക്കെതിരെ നടപടി ഉണ്ടാകുമെന്ന ഭയമില്ലെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.