കെഎസ്ഇബിയുടെ കൊള്ളയ്ക്ക് എതിരെ പ്രതിഷേധിക്കാന്‍ ‘ലൈറ്റ്‌സ് ഓഫ് കേരള’ സമരം ജൂണ്‍ 17ന്; കേരളത്തിലെ എല്ലാ വീട്ടുകാരും പങ്കെടുക്കണമെന്ന് രമേശ് ചെന്നിത്തലയുടെ ആഹ്വാനം

Jaihind News Bureau
Monday, June 15, 2020

തിരുവനന്തപുരം: കൊവിഡിന്‍റെ മറവില്‍ വൈദ്യുതി ബില്ല് കുത്തനെ വര്‍ദ്ധിപ്പിച്ചു നടത്തുന്ന കൊള്ളയടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ്. സംസ്ഥാനത്തുടനീളം ജൂണ്‍ 17 ബുധനാഴ്ച രാത്രി 9 മണിക്ക് മൂന്ന് മിനിട്ട് സമയം വൈദ്യുത ലൈറ്റുകള്‍ ഓഫ് ചെയ്താണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ലൈറ്റ്‌സ് ഓഫ് കേരള’ എന്ന സമര പരിപാടിയില്‍ കേരളത്തിലെ എല്ലാ വീട്ടുകാരും പങ്കെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

കൊവിഡ് ഭീതിയില്‍ പകച്ച് നില്‍ക്കുന്ന ജനങ്ങളെ കനത്ത വൈദ്യുതി ബില്ല് നല്‍കി ദ്രോഹിക്കുകയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചെയ്യുന്നത്. സാധാരണ വരുന്ന ബില്ലിന്‍റെ പല മടങ്ങുള്ള തുകയ്ക്കുള്ള ബില്ലാണ് വൈദ്യുതി ബോര്‍ഡ് വ്യാപകമായി ഈ കൊവിഡ് കാലത്ത് നല്‍കിയിരിക്കുന്നത്. മിക്കവര്‍ക്കും താങ്ങാന്‍ കഴിയുന്നതിനപ്പുറമുള്ളതാണ് ഈ ബില്ലുകള്‍. രണ്ടോ മൂന്നോ ലൈറ്റുകളും ഒരു ടിവിയും മാത്രമുള്ള വീടുകള്‍ക്ക് പോലും ആയിരക്കണക്കിന് രൂപയുടെ ബില്ലാണ് നല്‍കിയിരിക്കുന്നത്. കൊവിഡ് കാലത്ത് റീഡിംഗ് എടുക്കാന്‍ കഴിയാത്തതിനാല്‍ ഒന്നിച്ച് റീഡിംഗ് എടുക്കുമ്പോള്‍ സ്ലാബില്‍ വരുന്ന വ്യത്യാസം കാരണമാണ് തുക കുതിച്ചുയരുന്നത്.

റീഡിംഗ്  എടുക്കാന്‍ കഴിയാതിരുന്നത്  ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതിനുള്ള അവസരമാക്കി മാറ്റുകയാണ് വൈദ്യുതി ബോര്‍ഡ് ചെയ്തത്. ഇതിനെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നിട്ടും തെറ്റുതിരുത്താന്‍ വൈദ്യുതി ബോര്‍ഡോ സര്‍ക്കാരോ തയ്യാറായിട്ടില്ല. പകരം പലവിധ ന്യായീകരണങ്ങളുമായി ബോര്‍ഡ് രംഗത്തെത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ബുധനാഴ്ച രാത്രി 9 മണിക്ക് കേരളത്തിലെ എല്ലാ വീട്ടുകാരും മൂന്നുമിനിട്ട് വൈദ്യുത വിളക്കുകള്‍ അണച്ച് വൈദ്യുത ബോര്‍ഡിനും സര്‍ക്കാരിനും ശക്തമായ താക്കീത് നല്‍കണമെന്ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

teevandi enkile ennodu para