മലപ്പുറം തിരൂരിലും തിരുനാവായയിലും കെ റെയിലിനെതിരെ ജനകീയ പ്രതിഷേധം. രാവിലെ തിരൂരിലും ഉച്ചയ്ക്ക് ശേഷം തിരുനാവായയിലും സര്‍വേ കല്ലുകൾ പിഴുതെറിഞ്ഞ് സ്ത്രീകൾ ഉൾപ്പടെയുള്ളവർ പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ സംഭവിച്ചതിന് സമാനമായ രംഗങ്ങളാണ് മലപ്പുറത്തുമുണ്ടായത്. സ്ത്രീകളടക്കമുള്ളവർ സര്‍വേ കല്ലുകൾ പിഴുതുമാറ്റി. തിരൂര്‍ വെങ്ങാനൂരിലും തിരുനാവായയിലും ജനങ്ങൾ കെ റെയിലിനെതിരെ പ്രതിഷേധിച്ചു. പോലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ വെങ്ങാനൂര്‍ ജുമാ മസ്ജിദ് പറമ്പില്‍ അതിര് കല്ലിടുന്നത് ഉദ്യോഗസ്ഥർ ഒഴിവാക്കി. പള്ളിപ്പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും പോലീസ് സഹായത്തോടെ വീടുകളുടെ പറമ്പില്‍ കല്ലിടുന്നത് തുടർന്നു. നടപടിക്കെതിരെ സ്ത്രീകൾ രംഗത്തെത്തിയപ്പോൾ അറസ്റ്റ് ഉൾപ്പടെ നേരിടേണ്ടിവരുമെന്ന ഭീഷണിയുമായി പോലീസ് അവരെ തടയാൻ ശ്രമിച്ചു.
ഇതിനിടെ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. ഉച്ചഭക്ഷണത്തിന് ശേഷം അധികൃതർ കല്ലുമായി വീണ്ടും എത്തിയതോടെ നാട്ടുകാരും പ്രതിഷേധം കടുപ്പിച്ചു. തെക്കൻ കുറ്റൂരിലും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. കെ റയിലിനെതിരെ ആദ്യ പ്രതിഷേധം ഉയർന്ന തിരുനാവായയിൽ ഉച്ചയ്ക്ക് ശേഷമാണ് അധികൃതർ കല്ലുമായി എത്തിയത്. തിരുനാവായ പാലപ്പറമ്പ് പാടശേഖരത്തിൽ പ്രതിഷേധക്കാർ സർവേ ഉദ്യോഗസ്ഥരെ തടഞ്ഞു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് കൂടുതൽ നടപടികളിലേക്ക് കടക്കാതെ ഉദ്യോഗസ്ഥർ മടങ്ങി.