ഗവർണറെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കായി കോടതിയിൽ മലക്കം മറിഞ്ഞ് അഭിഭാഷകൻ

Jaihind Webdesk
Wednesday, December 13, 2023

തിരുവനന്തപുരം: ഗവർണറെ തടഞ്ഞ സംഭവത്തില്‍ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്കായി കോടതിയിൽ മലക്കം മറിഞ്ഞ് സർക്കാർ അഭിഭാഷകൻ. ഗവർണർ ആണ് പ്രതികള്‍ക്കെതിരെ 124 ആം വകുപ്പ് ചേർക്കാന്‍ നിർദേശം നല്‍കിയത്. എന്നാല്‍ 124 ആം വകുപ്പ് നിലനിൽക്കുമോ എന്നായിരുന്നു പ്രോസിക്യൂട്ടർ ഉന്നയിച്ച സംശയം.

ഗവർണർക്കെതിരെ കാർ തടഞ്ഞ് പ്രതിഷേധിച്ച പ്രതികള്‍ക്കെതിരെ ആദ്യം ചുമത്തിയത് താരതമ്യേന ദുർബ്ബലവകുപ്പുകളാണ്. പിന്നീട് ഗവർണർ ആവശ്യപ്പെട്ട പ്രകാരമാണ് 7 പേർക്കെതിരെ കൂടുതൽ കടുത്ത ഐപിസി 124 ആം വകുപ്പ് ചുമത്തിയത്. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചപ്പോൾ നടന്നത് ഗുരുതരമായ കുറ്റമാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ നിലപാട് എടുത്തിരുന്നു. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പോലീസിന്‍റെ   റിമാൻഡ് റിപ്പോർട്ട്.

തുടർന്ന് ഇന്നലെ കോടതി പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. എന്നാൽ ജാമ്യേപേക്ഷയിൽ ഇന്ന് വിശദമായ വാദം കേട്ടപ്പോൾ പ്രോസിക്യൂട്ടർ മലക്കം മറിഞ്ഞു.  124 ആം വകുപ്പ് നിലനിൽക്കുമോ എന്ന സംശയമാണ് പ്രോസിക്യൂഷൻ പ്രകടിപ്പിച്ചത്. സെനറ്റ് അംഗങ്ങളുടെ നിയമനം പൂർത്തിയായതാണ്. ഇതിനെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്. ഗവർണർ ചെയ്യാനിരിക്കുന്ന നടപടിക്ക് തടസ്സം വരുത്താൻ ശ്രമിച്ചാലേ കൃത്യനിർവ്വഹണം തടഞ്ഞു എന്ന നിലയിൽ 124 നിലനിൽക്കൂ എന്നായിരുന്നു പ്രോസിക്യൂഷൻറെ സംശയം. അപ്പോൾ എന്താണ് പ്രതികൾ ചെയ്തതെന്ന് കോടതി ചോദിച്ചപ്പോൾ പ്രതിഷേധം മാത്രമാണന്നാണ്  പ്രോസിക്യൂഷൻ നല്‍കിയ മറുപടി. പ്രോസിക്യൂഷൻറെ ചുവട് പിടിച്ച് പ്രതികളുടെ അഭിഭാഷകനും 124 നിലനിൽക്കില്ലെന്ന് വാദിച്ചു. ജാമ്യേപക്ഷയിൽ വിധി പറയുന്നത് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്ന് നാളത്തേക്ക്  മാറ്റി.