ഇ.ഡിക്കെതിരെ പ്രതിഷേധം: രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍

Jaihind News Bureau
Thursday, April 17, 2025

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം എല്‍ എ മുംബൈയില്‍ അറസ്റ്റിലായി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും  എതിരേ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായത്. മഹാരാഷ്ട്രാ കോണ്‍ഗ്രസ് പ്രസിഡന്റടക്കമുള്ള സംസ്ഥാന നേതാക്കളും അറസ്റ്റിലായി. എല്ലാവരെയും ദാദര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

ഞങ്ങളെ അറസ്റ്റ് ചെയ്തതു കൊണ്ട് വായടപ്പിക്കാം എന്നു കരുതണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബി.ജെ.പി സര്‍ക്കാര്‍ ED, CBI തുടങ്ങിയ അന്വേഷണ ഏജന്‍സികളെ വെച്ചു നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിനെതിരെ തെരുവുകളില്‍ പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഉമ്മാക്കികള്‍ കൊണ്ട് കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നും തോല്‍പിക്കാമെന്നും കരുതുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.