YOUTH CONGRESS PROTEST| കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധം: തിരുവോണ നാളില്‍ ‘കൊലച്ചോറ് സമരം’ നടത്തി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Friday, September 5, 2025

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് തൃശ്ശൂര്‍ ഡിഐജി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ‘കൊലച്ചോറ് സമരം’ നടത്തി. തിരുവോണ ദിവസമാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മര്‍ദ്ദിച്ച പോലീസുകാരുടെ മുഖംമൂടി ധരിച്ച് പോലീസ് വേഷത്തിലാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ഡിഐജി ഓഫീസിന് മുന്നിലെ ബാരിക്കേഡില്‍ ഇല വെച്ചാണ് സമരം നടന്നത്.

2023 ഏപ്രില്‍ 5-ന് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് പോലീസ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന് കാരണം അന്വേഷിക്കാന്‍ ശ്രമിച്ചതാണ് മര്‍ദ്ദനത്തിന് കാരണമായത്. രണ്ടുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സുജിത്തിന് ലഭിച്ചത്.