പരീക്ഷാഹാളിലെ ക്രമക്കേ‍ട് ആരോപണം : വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പരീക്ഷാഹാളിൽ ക്രമക്കേ‍ട് കാട്ടിയെന്ന ആരോപണത്തെ തുടർന്ന് കോളേജ് വിദ്യാർത്ഥിനി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ മാത കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്.

പരീക്ഷഹാളിൽ ക്രമക്കേ‍ട് കാട്ടിയെന്നാരോപിച്ച് അധ്യാപകർ പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. കോളേജ് മാനേജ്മെന്‍റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

ഫാത്തിമ മാതാ കോളേജിലെ ഒന്നാം വർഷ ഇംഗ്ളീഷ് വിദ്യാർത്ഥിനിയായിരുന്നു രാഖി കൃഷ്ണ. യുണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു എന്ന് ആരോപിച്ച് രാഖി കൃഷ്ണയെ പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർ പരസ്യമായ് അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് സഹപാഠികൾ പറയുന്നത്.

പരീക്ഷാഹാളിൽ നിന്നും പെണ്‍കുട്ടിയെ ഓഫീസ് റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഇവിടെ നിന്നു മൂത്രമൊഴിക്കാന്നെന്ന് പറഞ്ഞ് ഇറങ്ങിയോടിയ രാഖി കോളേജിന് മുന്നിലുള്ള റെയിൽവേ ട്രാക്കിലേക്ക് കുതിച്ചു. പാഞ്ഞ് വന്ന ട്രെയിനിടിച്ച് മരണപ്പെടുകയായിരുന്നു. ആത്മഹത്യയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ അധ്യാപകരെ ഉപരോധിക്കുകയും കോളേജ് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു.
സ്വയംഭരണാവകാശമുള്ള കോളജിൽ വിദ്യാർത്ഥികളെ മാനേജ്മെന്‍റ് നിസാര കാര്യങ്ങൾക്ക് പോലും പീഡിപ്പിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

അതേസമയം, സംഭവത്തിൽ അധ്യാപകർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നും കോളേജ് വൈസ് പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

https://youtu.be/x_3A6n2Z084

suicideRakhiStudent
Comments (0)
Add Comment