നെഹ്റു സ്മാരക മ്യൂസിയത്തിന്‍റെ പേരു മാറ്റിയ കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരെ പ്രതിഷേധം; ചരിത്രമില്ലാത്തവർ മറ്റുള്ളവരുടെ ചരിത്രം മായ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Friday, June 16, 2023

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ പേരിലുള്ള നെഹ്‌റു സ്‌മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (NMML) പേര് മാറ്റിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തം. പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്ന പേരിലാവും ഇനി മന്ദിരം അറിയപ്പെടുക. നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാറിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി.

ബിജെപിയുടെയും ആർഎസ്എസിന്‍റെയും ഏകാധിപത്യ മനോഭാവത്തിന്‍റെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ പ്രതികരിച്ചു. ചരിത്രമില്ലാത്തവർ മറ്റുള്ളവരുടെ ചരിത്രം മായ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതുകൊണ്ടൊന്നും ആധുനിക ഇന്ത്യയുടെ ശില്‍പിയായ നെഹ്റുവിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അൽപത്തരത്തിന്‍റെയും പകയുടെയും പേരാണ് മോദിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ട്വിറ്റർ കുറിപ്പിൽ പ്രതികരിച്ചു. ‘നെഹ്‌റു സ്‌മാരക മ്യൂസിയം ആൻഡ് ലൈബ്രറി കഴിഞ്ഞ 59 വർഷമായി ആഗോള ബൗദ്ധിക കേന്ദ്രവും പുസ്തകങ്ങളുടെയും ചരിത്രരേഖകളുടെയും നിധി കേന്ദ്രവുമാണ്. ഇനി മുതൽ ഇത് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്ന് വിളിക്കപ്പെടും. ആധുനിക ഇന്ത്യയുടെ ശിൽപിയുടെ പേരും പൈതൃകവും വളച്ചൊടിക്കാനും ഇകഴ്ത്താനും നശിപ്പിക്കാനും മിസ്റ്റർ മോദി എന്തും ചെയ്യും. അരക്ഷിതാവസ്ഥയുടെ അമിതഭാരം പേറിയ ഒരു ചെറിയ, ചെറിയ മനുഷ്യൻ സ്വയം പ്രഖ്യാപിത വിശ്വഗുരു ആണത്രെ’ – ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച ചേർന്ന എൻ‌എം‌എം‌എൽ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് നെഹ്റുവിന്‍റെ പേര് ഒഴിവാക്കാൻ തീരുമാനിച്ചത്. സൊസൈറ്റി വൈസ് പ്രസിഡന്‍റ് കൂടിയായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന്‍റെ ഔദ്യോഗിക വസതിയായിരുന്നു തീന്‍മൂർത്തി ഭവന്‍. 16 വര്‍ഷത്തോണമാണ് അദ്ദേഹം ഇവിടെ താമസിച്ചത്. പ്രഥമ പ്രഥാനമന്ത്രിക്കുള്ള  ആദരമായിട്ടാണ് മരണശേഷം ഇത് അദ്ദേഹത്തിന്‍റെ പേരിലുള്ള മ്യൂസിയമാക്കി മാറ്റിയത്. ഇതാണ് ബിജെപി സർക്കാർ കരുതിക്കൂട്ടി ഇല്ലാതാക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്.