അമിത് ഷായ്ക്ക് ‘ഗോ ബാക്ക്’ വിളി ; പ്രതിഷേധം വീട് കയറി പ്രചാരണത്തിനെത്തിയപ്പോള്‍

Jaihind News Bureau
Sunday, January 5, 2020

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഗോബാക്ക് വിളി. ഡല്‍ഹി ലജ്പത് നഗറിൽ ചണ്ഡി ബസാറിന് സമീപമായിരുന്നു അമിത് ഷായ്ക്ക് എതിരെ പ്രതിഷേധമുണ്ടായത്.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താന്‍ ബി.ജെ. പി സംഘടിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് കൈവീശി നടന്നുപോകുമ്പോള്‍ അമിത് ഷായ്ക്ക് നേരെ യുവതികൾ അടക്കമുള്ള കോളനി നിവാസികൾ ഗോ ബാക്ക് വിളിക്കുകയായിരുന്നു. അമിത് ഷായ്ക്കും പൗരത്വ നിയമത്തിനുമെതിരായ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ട് രണ്ട് യുവതികള്‍ ഗോബാക്ക് വിളിക്കുകയായിരുന്നു. തുടർന്ന് കോളനിവാസികള്‍ അത് ഏറ്റ് വിളിക്കുകയായിരുന്നു.

ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളികള്‍ ഉയർന്നത്. എന്നാൽ അമിത് ഷാ ഇതിനോട് പ്രതികരിച്ചില്ല. അതേസമയം പ്രതികരിച്ച യുവതികള്‍ക്ക് നേരെ അമിത് ഷായുടെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ആക്രോശിച്ചുകൊണ്ട് എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. യുവതികള്‍ക്കെതിരായ ആക്രമണ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇവരുടെ വീടുകള്‍ക്ക് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

പൗരത്വ ഭേദഗതിയില്‍ ജനരോഷം ശക്തമായതോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് ബി.ജെ.പി തുടക്കം കുറിച്ചത്. റാലികളും വീട് കയറി പ്രചാരണവുമൊക്കെ ഇതിന്‍റെ ഭാഗമാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇത് പാളുന്നതാണ് കാണാനാകുന്നത്. അമിത് ഷായ്ക്ക് തന്നെ  ഗോ ബാക്ക് വിളി നേരിടേണ്ടിവന്നത് ബി.ജെ.പിക്ക് നാണക്കേടുണ്ടാക്കുന്നതാണ്. ബി.ജെ.പിയുടെ ശക്തി കേന്ദ്രത്തില്‍ തന്നെയാണ് തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. കേരളത്തിലും ഇന്ന് സമാനമായ തിരിച്ചടി ബി.ജെ.പി നേരിട്ടിരുന്നു. വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര മന്ത്രിയോട് എഴുത്തുകാരന്‍ ജോർജ് ഓണക്കൂര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.