പ്രവാചക നിന്ദ: ഇന്ത്യക്കെതിരെ യുഎഇയും; ബിജെപിയുടെ പേരെടുത്ത് പറഞ്ഞ് പ്രതിഷേധിച്ച് യുഎഇ; കുവൈത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തു

Elvis Chummar
Monday, June 6, 2022

ദുബായ്: ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ യുഎഇ എന്ന രാജ്യം ബിജെപിയുടെ പേര് പരാമര്‍ശിച്ച് പ്രതിഷേധം അറിയിച്ചു. യുഎഇയുടെ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയമാണ് പരസ്യമായ പ്രസ്താവന പുറത്തിറക്കിയത്.

ഇതോടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യക്ക് എതിരെ കടുത്ത നിലപാട് എടുത്ത ചരിത്രത്തിലെ അപൂര്‍വ സന്ദര്‍ഭമായി ഇത് മാറി. അതേസമയം വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായ ക്ഷമാപണം നടത്തുമെന്ന പ്രതീക്ഷിയിലാണ് അറബ് രാജ്യങ്ങള്‍. ഇതിനിടെ കുവൈത്തില്‍ പ്രതിഷേധം അറിയിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തു.

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ച ഇന്ത്യയിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വക്താവിന്‍റെ പ്രസ്താവനകളെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അപലപിച്ചു. ഈ പ്രസ്താവന ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണ്. ഇത് യുഎഇ നിരസിക്കുന്നതായി വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം വ്യക്തമാക്കി. മതചിഹ്നങ്ങളെ ബഹുമാനിക്കുകയും അവ ലംഘിക്കാതിരിക്കുകയും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിന്‍റെയും ആവശ്യകതയും മന്ത്രാലയം അടിവരയിട്ടു. ഇതോടൊപ്പം സഹിഷ്ണുതയുടെയും മാനുഷിക സഹവര്‍ത്തിത്വത്തിന്‍റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള രാജ്യാന്തര ഉത്തരവാദിത്വം ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യവും മന്ത്രാലയം എടുത്തുപറഞ്ഞു.

ഇന്ത്യ ഭരിക്കുന്ന ബിജെപി പാര്‍ട്ടിയെ പേരെടുത്ത് പറഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം വിമര്‍ശിക്കുന്നതും പ്രതിഷേധിക്കുന്നതും ഇത് അപൂര്‍വമാണ്. ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ ആറിന് തിങ്കളാഴ്ച പുറത്തിറങ്ങിയ ഇംഗ്ലീഷ്-അറബിക് മാധ്യമങ്ങളില്‍ ബിജെപിയുടെ ഈ വിവാദമാണ് പ്രധാന വാര്‍ത്ത. അതേസമയം പ്രവാചകനെയും മതത്തിന്‍റെ വിശുദ്ധിയെയും സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണെന്നാണ് ആക്ഷേപം. ഇത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടുന്ന ഇന്ത്യക്കാരുടെ ഭാവി തൊഴില്‍ സാധ്യതകളെ ദോഷകരമായി ബാധിക്കുമോയെന്നും ആശങ്ക വ്യാപകമാണ്.